കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:31 AM | 0 min read

തിരുവില്വാമല 
കോൺഗ്രസ് ഭരിക്കുന്ന തിരുവില്വാമല സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കേസിൽ നേതാക്കളടക്കം എട്ട്‌ പേർക്കെതിരെ കേസ്‌. മൂന്ന്‌ വർഷത്തിനിടയിൽ  2.43 കോടി രൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. കേസിലെ രണ്ടും മൂന്നും പ്രതികളായ ബാങ്ക്‌ പ്രസിഡന്റ് എം അരവിന്ദാക്ഷൻ നായർ, ഡയറക്ടർ വി രാമചന്ദ്രൻ എന്നിവർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി അംഗങ്ങളാണ്‌. രാമചന്ദ്രൻ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനും അരവിന്ദാക്ഷൻ നായർ മുൻ മണ്ഡലം പ്രസിഡന്റുമാണ്‌. 
ഒന്നാം പ്രതിയായ ബാങ്ക് ഹെഡ് ക്ലർക്ക് സുനീഷിന്റെ അമ്മയെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി കോൺഗ്രസ്‌ നേതാക്കൾ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌. തട്ടിപ്പിന്‌ പ്രേരിപ്പിച്ചുവെന്നും വിശ്വാസവഞ്ചന നടത്തിയെന്നും പഴയന്നൂർ പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു.  സുനീഷ് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്യായത്തിന്മേലാണ് നടപടി.  
സെക്രട്ടറി എസ് വിനോദ്കുമാർ, അസി. സെക്രട്ടറി എ മുരളി, അക്കൗണ്ടന്റ് കെ എൻ ബാബു, ഹെഡ് ക്ലർക്ക് വി എൻ സുമേഷ്, ജൂനിയർ ക്ലർക്ക് ശ്രീജ, പ്യൂൺ വി ബാബു എന്നിവരാണ്‌ മറ്റുപ്രതികൾ.
വ്യാജരേഖകളും ഒപ്പുകളും ചമച്ച് 16 പേരുടെ സ്ഥിര നിക്ഷേപം പലപ്പോഴായി പിൻവലിക്കുകയായിരുന്നു.  സംഭവത്തിൽ സുനീഷിനെതിരെ മാത്രമാണ്‌ കേസെടുത്തത്‌. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ്‌  പുതിയ കേസ്‌.  2021 മാർച്ച് മുതൽ 2024 ജനുവരിവരെയുള്ള കാലയളവിൽ ബാങ്കിൽ തട്ടിപ്പ് നടന്നുവെന്ന്‌ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തി. 
  തുടർന്ന് സെക്രട്ടറി പഴയന്നൂർ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ  മുഖം രക്ഷിക്കാനായി ഭരണസമിതി സുനീഷിനെ സസ്പെൻഡ് ചെയ്‌തു. കോൺഗ്രസ്‌ നേതാക്കൾ സെക്രട്ടറിയടക്കമുള്ളവരുടെ ഒത്താശയിൽ നടത്തിയ തട്ടിപ്പിൽ സുനീഷിനെ ബലിയാടാക്കുകയായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home