‘പ്രൊഫഷണൽ ടച്ച്‌ ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 12:05 AM | 0 min read

തൃശൂർ
രണ്ട്‌ മണിക്കൂറിനകം 25 കിലോമീറ്ററിനുള്ളിൽ മൂന്നു എടിഎമ്മുകളിൽ കവർച്ച. ഒരു എടിഎം കവർച്ച ചെയ്യാൻ എട്ടോ  പത്തോ മിനിറ്റുകൾ മാത്രം. എടിഎം കവർച്ചയിൽ അതിവിദഗ്‌ധ സംഘമാണ്‌ തൃശൂരിൽ മൂന്നിടത്ത്‌ കവർച്ച നടത്തിയത്‌. വിനിമയത്തിന് ഫോണിനു പകരം  അത്യന്താധുനിക വയർലെസ്‌ സെറ്റും സംഘത്തിനുണ്ട്‌. മുഖംമൂടി ധരിച്ച്‌ ഗ്യാസ്‌ കട്ടർ ഉപയോഗിച്ചാണ്‌ കവർച്ച. സിസിടിവി കാമറയിൽ കറുത്ത നിറത്തിലുള്ള ദ്രാവകം സ്‌പ്രേ ചെയ്‌തതായി ദൃശ്യങ്ങളിൽ കാണാം.  അലാം  സംവിധാനവും  തകരാറിലാക്കി. അത്യന്താധുനിക എടിഎമ്മിന്റെ  പ്രവർത്തനങ്ങൾ  കൃത്യമായി അറിയാവുന്ന സംഘമാണ്  കവർച്ചക്ക്‌ എത്തിയത്‌. പഴയ എടിഎമ്മുകൾ വാങ്ങി സാങ്കേതിക വിദ്യ പഠിച്ച സംഘമാണ്‌ കവർച്ച നടത്തുന്നത്‌. ആദ്യം ഒരാൾ തോർത്ത്‌ കൊണ്ട്‌ മുഖം മറച്ച്‌ എടിഎമ്മിൽ കയറിയാണ്‌ സിസിടിവി ക്യാമറകളിൽ  കറുത്ത ദ്രാവകം സ്‌പ്രേ ചെയ്യുന്നത്‌.  
എടിഎമ്മിൽ പണമിടുന്ന ട്രേയുടെ ഭാഗം കൃത്യമായി  കണ്ടെത്തി   ഗ്യാസ്  കട്ടർ ഉപയോഗിച്ച് മുറിക്കുകയാണ്‌.   കണ്ടെയ്‌നർ ലോറി എത്തിക്കാനുള്ള സ്ഥലം  വയർലെസിലൂടെയാണ്  അറിയിച്ചത്‌. പണം കൂടുതൽ നിക്ഷേപിക്കാൻ സാധ്യതയുള്ള  എസ്‌ബിഐ എടിഎം സംഘം തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു എടിഎമ്മുകളും നേരത്തേ കണ്ടെത്തിയതായാണ്‌ സൂചന.  
 പരിചയമില്ലാത്തവർക്ക്‌ പാതിരാത്രിയിൽ രാമവർമപുരം  വഴി മണ്ണുത്തിയിലേക്ക്‌ കടക്കാനാവില്ല.  കാർ കണ്ടെയ്‌നർ ലോറിക്കുള്ളിൽ കടത്തി രക്ഷപ്പെടാനുള്ള മാർഗവും  കവർച്ചാ സംഘം വിദഗ്‌ധമായി ആസൂത്രണം ചെയ്‌തിരുന്നു. നേരത്തേ കവർച്ചക്കായി ട്രയൽ റൺ നടത്തിയെന്നും സംശയിക്കുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home