പാലപ്പിള്ളി മേഖലയിൽ മലവെള്ളപ്പാച്ചിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 12:13 AM | 0 min read

വരന്തരപ്പിള്ളി
കനത്ത മഴയിൽ പാലപ്പിള്ളി, എച്ചിപ്പാറ പ്രദേശത്ത് തിങ്കളാഴ്‌ച വൈകിട്ടോടെ മലവെള്ളപ്പാച്ചിൽ. എച്ചിപ്പാറ സ്കൂളിനു സമീപത്തെ തോട് കരകവിഞ്ഞു. സമീപത്തെ വീടുകളിലും പറമ്പുകളിലും വെള്ളം ഇരച്ചുകയറി. കലങ്ങിയ ചെളിവെള്ളമാണ് കുത്തിയൊലിച്ചു വന്നത്. അതാേടെ ഉരുൾപൊട്ടിയെന്ന ആശങ്കയുമുയർന്നു. 15 മിനിറ്റോളം ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. എച്ചിപ്പാറ ചക്കുങ്ങൽ നസീറിന്റെ വീട്ടുമതിൽ തകർന്നു. പൂവത്തിങ്കൽ അയൂബിന്റെ വീട്ടിലും എച്ചിപ്പാറയിലെ മദ്രസയിലും വെള്ളം കയറി. കൊച്ചിൻ മലബാർ റബ്ബർ എസ്റ്റേറ്റിലെ കാനകൾ കവിഞ്ഞ്‌ പാലപ്പിള്ളി സെന്ററിലേക്കും മലവെള്ളം കുത്തിയൊലിച്ചെത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡ് വെള്ളത്തിലായി. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. തോട്ടത്തിലെ കാനകൾ വേണ്ടവിധം ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് ആരോപണമുണ്ട്. രാത്രിയിൽ മഴ കനത്താൽ കൂടുതൽ പ്രദേശത്തേക്ക് വെള്ളമെത്തുമെന്നാണ് ആശങ്ക. ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന വെള്ളം തോട്ടത്തിലെ കാനകളിലൂടെ ഒഴുക്കിവിടാൻ കമ്പനി അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കുത്തിയൊഴുകിയെത്തുന്ന വെള്ളം റോഡ് തകരാൻ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. കോടികൾ ചെലവഴിച്ച് മാസങ്ങൾക്ക് മുമ്പ്‌ നവീകരിച്ച പാലപ്പിള്ളി ചിമ്മിനി ഡാം റോഡിനും വെള്ളപ്പാച്ചിൽ ഭീഷണിയാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Home