വീണ്ടും മിന്നൽ ചുഴലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 12:34 AM | 0 min read

തൃശൂർ/മണലൂർ
ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശം. തൃശൂർ നഗരത്തിലും എളവള്ളി, മണലൂർ, അന്തിക്കാട്, മുല്ലശേരി പഞ്ചായത്തുകളിലുമാണ്‌ തിങ്കളാഴ്‌ച ചുഴലിക്കാറ്റുണ്ടായത്‌. തിങ്കൾ പകൽ 12.25നാണ് നഗരത്തിൽ ചുഴലിക്കാറ്റ്  വീശിയടിച്ചത്. രണ്ടു മിനിറ്റോളം കാറ്റ് നീണ്ടു. ദിവസങ്ങൾക്കിടെ നാലാം തവണയാണ്‌ ജില്ലയിൽ മിന്നൽ ചുഴലിയുണ്ടാകുന്നത്‌. 
മരങ്ങൾ റോഡിലേക്ക് മറിഞ്ഞും കെട്ടിടത്തിന്റെ മുകളിൽ ഉറപ്പിച്ചിരുന്ന ഷീറ്റുകൾ പറന്നുപോയും കടകൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ താഴെ വീണുമാണ് വ്യാപക നഷ്ടമുണ്ടായത്. ഇതേത്തുടർന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. തേക്കിൻകാട് മൈതാനിയിലെ മരത്തിന്റെ കൊമ്പ്‌ സ്വരാജ് റൗണ്ടിലേക്ക് ഒടിഞ്ഞുവീണു. 
ജനറൽ ആശുപത്രി പരിസരത്താണ് സംഭവം. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഫ്ലാറ്റിനു മുകളിലെ ഷീറ്റുകൾ പലയിടത്തും പറന്നുപോയി. കുറുപ്പം റോഡിലെ വാഹന പാർക്കിങ് സ്ഥലത്ത് വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു. കൊക്കാലയിൽ കടകളുടെ ബോർഡുകൾ താഴെ വീണു. പുഴയ്ക്കൽ പഞ്ചിക്കലിൽ  അയ്യന്തോൾ റോഡിൽ രണ്ട് വൻ മാവുകൾ റോഡിലേക്ക് മറിഞ്ഞു. മാവിന് താഴെ വഴിയോരക്കച്ചവടം നടത്തിയിരുന്നവരുടെ സമീപത്തേക്കാണ്‌ മരങ്ങൾ വീണത്‌. പുഴയ്‌ക്കലിലെ തട്ടുകടയ്‌ക്ക്‌ മുകളിലേക്കാണ്‌ മരം കടപുഴകിയത്‌.
എളവള്ളി പഞ്ചായത്തിലെ താമരപ്പിള്ളിയിൽ മാവ് കടപുഴകി ഗതാഗതം സ്തംഭിച്ചു. എളവള്ളി കോടനാഴി, ശക്തി റോഡുകളിൽ മരം വീണ് വൈദ്യുതിക്കാലുകൾ തകർന്നു. കാക്കശ്ശേരി ഗവ. എൽപി സ്കൂളിലെ മാവ് കടപുഴകി വീണു.  കാക്കശേരി അനശ്വര ക്ലബ്ബിന് സമീപം റോഡിലേക്ക് മരങ്ങൾ വീണ് വൈദ്യുതി തടസ്സപ്പെട്ടു. 
അന്തിക്കാട് ആൽ സെന്ററിന്‌ കിഴക്ക്‌ കോൾ റോഡിൽ മരം കടപുഴകി വൈദ്യുതിക്കാൽ ഒടിഞ്ഞു. പെരുവല്ലൂർ കൂതാട്ടിൽ റോഡിൽ അംബേദ്‌കർ കമ്യൂണിറ്റി ഹാളിനു മുകളിലേക്ക് തെങ്ങ്‌ കടപുഴകി വീണു. വെങ്കിടങ്ങ്‌ തൊയക്കാവിൽ വീടിന് മുകളിൽ പ്ലാവും തേക്ക് മരവും ഒടിഞ്ഞുവീണു. വീടിന്റെ ചുവരിന് കേടുപാടുണ്ടായി. മാർക്കറ്റ് റോഡിൽ വടക്കൻ ജേക്കബ് വർഗീസിന്റെ വീട്ടിലാണ്‌ സംഭവം.
മണലൂർ പഞ്ചായത്തിൽ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക്‌ തെങ്ങിൻപട്ട വീണ്‌ ചില്ല്‌ തകർന്ന്‌ ഡ്രൈവർക്ക്‌ പരിക്കേറ്റു. മുളങ്കുന്നത്തുകാവ്  കലാസമിതി എൽപി സ്കൂളിന് മുകളിലേക്ക്  മരം കടപുഴകി വീണു. മണ്ണുത്തി, എരവിമംഗലം, ഒല്ലൂക്കര, പാണഞ്ചേരി പ്രദേശങ്ങളിൽ -കാറ്റിൽ മരങ്ങൾ ഒടിഞ്ഞു. മണ്ണുത്തി കാർഷിക കോളേജിൽ പാർക്ക് ചെയ്തിരുന്ന, പി വി സുകുമാരന്റെ കാർ മരം കടപുഴകി വീണ്‌ തകർന്നു. 


deshabhimani section

Related News

View More
0 comments
Sort by

Home