കോവളത്ത് സുരക്ഷ ശക്തമാക്കി

കോവളം
നവവത്സര ആഘോഷങ്ങളുടെ ഭാഗമായി കോവളത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ, ഗ്രോവ്, സമുദ്രാ ബീച്ചുകളിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയത്.തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ ചൊവ്വാഴ്ച രാവിലെവരെ തുടരും. ഇതിനായി തീരങ്ങളിലുടനീളം 400 പൊലീസ‌് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പൊലീസ‌് സൂപ്രണ്ടിന്റെ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാസംവിധാനങ്ങളുടെ ചുമതല. തിരുവല്ലംമുതൽ മുക്കോലവരെയുള്ള ഭാഗങ്ങളിൽ വാഹനപരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെപേരിൽ കർശന നിയമനടപടിയുണ്ടാകും. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. സൗകര്യമനുസരിച്ച് ഇരുചക്രവാഹനങ്ങൾക്ക് കോവളം പൊലീസ‌് സ്റ്റേഷൻ പരിസരത്ത് പാർക്കിങ‌് അനുവദിക്കും. ശേഷിക്കുന്ന വാഹനങ്ങൾക്ക് ബൈപാസ് റോഡിന്റെ വശങ്ങളിൽ പാർക്കിങ‌് സൗകര്യമൊരുക്കും. തീരത്താകെ വെളിച്ചം ലഭ്യമാക്കുന്നതിന് താൽക്കാലികസൗകര്യം ഒരുക്കിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കൈയോടെ പിടികൂടാൻ സിസിടിവി ക്യാമറകളും വീഡിയോ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. ലൈറ്റ് ഹൗസ് ബീച്ചിൽ പൊലീസ‌് സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമായിരിക്കും സുരക്ഷയുടെ പൂർണനിയന്ത്രണം നടത്തുക. തീരത്തും ഇടറോഡുകളിലും ഇരുചക്രവാഹനങ്ങളിൽ പൊലീസ‌് നിരീക്ഷണമുണ്ടാകും. ആംബുലൻസ് സൗകര്യമടക്കം ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം തീരത്ത് ക്യാമ്പ് ചെയ്യും. രാത്രിയിൽ കടലിൽ കുളിക്കാൻ ആരെയും അനുവദിക്കില്ല. നവവത്സരപ്പിറവിയോടെ തീരത്തുനിന്ന‌് ആളുകളെ ഒഴിപ്പിക്കും.









0 comments