മാനവ സാഹോദര്യം ഓർമിപ്പിച്ച് പെരുങ്ങുഴി മുസ്ലിം ജമാ അത്ത്

ചിറയിൻകീഴ്
മാനവ സാഹോദര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പൊൻതുരുത്തായി പെരുങ്ങുഴി മുസ്ലീം ജമാ അത്ത് അങ്കണം. ശ്രീനാരായണ ഗുരു പ്രതിഷ്ഠാകർമ്മം നിർവഹിച്ച കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നും ചിറയിൻകീഴ് വഴി ശിവഗിരിയിലേക്കു തിരിച്ച തീർത്ഥാടന മതമൈത്രി പദയാത്രക്ക‌് ജമാ അത്ത് ഭാരവാഹികളും വിശ്വാസികളും പള്ളിയങ്കണത്തിൽ നൽകിയ സ്വീകരണമാണ് മനുഷ്യസ്നേഹമാണ് വലുതെന്ന സന്ദേശം വരച്ചു കാട്ടിയത്. നബി വചനങ്ങളുടെയും ഗുരു സന്ദേശങ്ങളുടെയും അകംപൊരുൾ മനസിലാക്കുന്നതിന് തീർഥാടകർക്കും നാട്ടുകാർക്കും ഇതൊരു അവസരമായി. പള്ളിമുറ്റത്തെത്തിയ തീർത്ഥാടക സംഘത്തെ ലഘുഭക്ഷണപ്പൊതികളും ശീതളപാനീയങ്ങളും നൽകിയാണ് വരവേറ്റത്. ജമാ അത്ത് പ്രസിഡന്റ‌് എച്ച് ഹാരിദ് പദയാത്ര ക്യാപ്റ്റൻ എൻ തുളസീധരനെയും പദയാത്രാ സമിതിയിലെ എസ് പ്രതാപൻ, വി വിശ്വരാജൻ, സി രാജൻ, ഹരിദാസ്, ജ്യോതി കുളത്തൂർ എന്നിവരെ പീത ഷാൾ അണിയിച്ചു. ജമാഅത്ത് വൈസ് പ്രസിഡന്റ് റഹീം, സെക്രട്ടറി എം കെ ബഷീർ, ഭരണ സമിതി അംഗങ്ങളായ അഷ്റഫ് ,അബ്ദുൽ അസീസ്, ഹുസൈൻ, വഹാബ്, സമീർ എന്നിവരും ചിറയിൻകീഴ് എസ്എൻഡിപി യൂണിയനെ പ്രതിനിധീകരിച്ച് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർ കൃത്തിദാസ്, ബൈജു തോന്നയ്ക്കൽ, എസ്എൻ ട്രസ്റ്റ് ബോർഡംഗം കെ രഘുനാഥൻ, എസ് സന്തോഷ്, സദാശിവൻ, എൻ അജിത്ത്, ശശിധരൻ, എസ് ശിവപ്രസാദ് എന്നിവരും ജമാഅത്ത് അങ്കണത്തിൽ പദയാത്രയ്ക്കൊപ്പം എത്തിയിരുന്നു.









0 comments