യുപിഐ ആപ്പ് മുഖേനയുള്ള ബാങ്കിങ് തട്ടിപ്പുകള്‍: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം
യുപിഐ അഥവാ യൂണിഫൈഡ് പേയ‌്‌മെന്റ് ഇന്റർഫേസ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നു. മെഡിക്കൽ കോളേജ് സ്വദേശിയിൽനിന്ന് നാലര ലക്ഷം രൂപയും കരമന സ്വദേശിയിൽനിന്ന് ഒന്നരലക്ഷം രൂപയും നഷ്ടപ്പെട്ടതടക്കം നിരവധി പരാതികൾ തിരുവനന്തപുരം സിറ്റി സൈബർ സെല്ലിന് ലഭിച്ചതായി സിറ്റി പൊലീസ് കമീഷണർ പി പ്രകാശ് പറഞ്ഞു. തട്ടിപ്പുകൾക്ക് ഇരയാവുന്ന ഉപഭോക്താക്കൾക്ക‌് അക്കൗണ്ടിൽനിന്ന് കാശ് നഷ്ടപ്പെടുന്നത് മനസിലായാലും കാൾസെന്റർ മുഖാന്തിരം തടയാനാവില്ലെന്നതാണ് തട്ടിപ്പുകാർക്ക് അനുകൂലമാവുന്നത്. ബാങ്കിങ‌് കാൾ സെന്റർ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്താലും യുപിഐ ആപ്ലിക്കേഷൻ മുഖാന്തിരമുള്ള ഇടപാടുകൾ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർക്ക് യഥേഷ്ടം നടത്താനാകും. ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ട് വിളിക്കുന്നവർക്ക് യാതൊരുവിധ വിവരങ്ങളും നൽകാതിരിക്കുകയാണ് ഏക പോംവഴിയെന്ന് കമീഷണർ അറിയിച്ചു.
തട്ടിപ്പ് രീതി: ബാങ്കിൽനിന്നെന്ന‌് അവകാശപ്പെട്ടാണ് ഉപഭോക്താവിന് ഫോൺ വരുന്നത്. വിളിക്കുന്നയാൾ ഉപഭോക്താവിന്റെ പേരും ബാങ്കിൽ നൽകിയിട്ടുള്ള വിവരങ്ങളും കൃത്യമായി പറയും. തുടർന്ന് ചിപ്പ് പതിപ്പിച്ച പുതിയ ഡെബിറ്റ് കാർഡ് അനുവദിക്കുന്നതിന്റെ ഭാഗമായി ഒരു എസ്എംഎസ് ഫോണിലേക്ക് അയച്ചുതരുന്നത് മറ്റൊരു നമ്പരിലേക്ക് ഫോർവേഡ് ചെയ്യാൻ ആവശ്യപ്പെടും. അതിനുശേഷം ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്ന വൺ ടൈം പാസ‌്‌വേർഡ‌് (ഒടിപി) ചോദിച്ച് മനസ്സിലാക്കും. ഇത് എംപിൻ ക്രിയേറ്റ് ചെയ്യുന്നതിന് യുപിഐ നൽകുന്നതാണ്. ഇവ ചെയ്യുന്നതോടുകൂടി തട്ടിപ്പ് നടത്തുന്നയാൾ നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് യുപിഐ ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യും. ഇതോടെ അയാൾക്ക് നമ്മുടെ അക്കൗണ്ടിലെ കാശ് ഇഷ്ടമുള്ള രീതിയിൽ വിനിയോഗിക്കാനാകും. വളരെപെട്ടെന്ന‌് മറ്റ് മൊബൈൽ വാലറ്റുകളിലേക്ക് നമ്മുടെ അക്കൗണ്ടിലെ കാശ് മുഴുവൻ മാറ്റുകയാണ് സാധാരണ ഇവർ ചെയ്യാറുള്ളതെന്നും കമീഷണർ അറിയിച്ചു.
വിവരം കൈമാറരുത‌്: ബാങ്കുകൾ കാർഡ് സംബന്ധമായ വിവരങ്ങൾക്ക് ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടാറില്ല. ഇങ്ങനെ ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് വിവരങ്ങൾ നൽകരുത്. ഇവർ നൽകുന്ന എസ്എംഎസ്സുകൾ മറ്റ് നമ്പരുകളിലേക്ക് ഫോർവേഡ് ചെയ്യരുത്. ഇത്തരത്തിൽ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്താൽ മാത്രമേ അക്കൗണ്ടിൽനിന്ന് തുക നഷ്ടപ്പെടുന്നത് തടയാനാകൂ. ശനിയാഴ‌്ച മുതൽ തുടർച്ചയായി ബാങ്കുകൾ അവധിയായതിനാൽ യുപിഐ മുഖാന്തിരമുള്ള തട്ടിപ്പുകൾക്ക‌് ഇത്തരക്കാർ ഉപഭോക്താക്കളെ വിളിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ ബാങ്ക് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ പി പ്രകാശ് അറിയിച്ചു.









0 comments