ഭൂമി ഏറ്റെടുക്കല്‍ വൈകിയാൽ പ്രക്ഷോഭം: സിപിഐ എം

നെടുമങ്ങാട്
വലിയമല ഐഎസ്ആര്‍ഒയുടെ എല്‍പിഎസ്‌സി വികസനവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നു. ഭൂമിയിലും വീടുകളിലും അര്‍ഹിക്കുന്ന അവകാശങ്ങള്‍പോലും ലഭ്യമാകാതെ അനവധി കുടുംബങ്ങള്‍ ദുരിതജീവിതം നയിക്കുന്നു. കുടുംബക്കാരുടെ കൂട്ടായ്മയില്‍ പ്രതിഷേധവും സങ്കടവും അണപൊട്ടി. ഭൂമി ഏറ്റെടുക്കല്‍ ഇനിയും വൈകിച്ചാല്‍ ജനകീയ പ്രക്ഷോഭമെന്ന് സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി. നെടുമങ്ങാട് നഗരസഭ മല്ലമ്പ്രക്കോണം വാര്‍ഡില്‍ ഉള്‍പ്പെട്ട മല്ലമ്പ്രക്കോണം, നല്ലിക്കോണം പ്രദേശങ്ങളിലെ മുപ്പത്തഞ്ചോളം കുടുംബങ്ങളാണ് ഭൂമി ഏറ്റെടുക്കല്‍ കരാറിലുള്‍പ്പെട്ട് രണ്ടര വര്‍ഷത്തിലധികമായി നട്ടം തിരിയുന്നത്. എല്‍പിഎസ്‌സിയുടെ വികസനവുമായി ബന്ധപ്പെട്ട് നൂറ് ഏക്കര്‍ ഭൂമിയാണ് ഈ പ്രദേശത്തുനിന്ന‌് ഐഎസ്ആര്‍ഒ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഭൂമി കണ്ടെത്തുകയും അവകാശികള്‍ക്ക് അര്‍ഹമായത് നല്‍കാമെന്ന‌് വാഗ്ദാനം നല്‍കി സമ്മതം വാങ്ങുകയും ചെയ്തു. എന്നാല്‍, രണ്ടരവര്‍ഷം കഴിഞ്ഞിട്ടും മറ്റു നടപടി ക്രമങ്ങളൊന്നും നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഭൂമിയുടെ കൃത്യമായ അളവും മൂല്യവും തിട്ടപ്പെടുത്തി അവകാശികള്‍ക്ക് അവരര്‍ഹിക്കുന്ന മൂല്യം നല്‍കി മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കുന്നില്ല. ഭൂമി പദ്ധതി പ്രദേശമായി മാറിയതോടെ ഇവര്‍ക്ക് അവിടെയുണ്ടായിരുന്ന ഉടമസ്ഥവകാശവും കൃഷി, ക്രയവിക്രയ സ്വാതന്ത്ര്യവും ഇല്ലാതായി. സര്‍ക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള അര്‍ഹമായ ആനുകൂല്യങ്ങള്‍പോലും ലഭിക്കാതെയായി. ദീര്‍ഘവിളകളുടെ കൃഷി ഉപേക്ഷിക്കേണ്ടിവന്നു. തൈ റബ്ബറുകള്‍പോലും നശിപ്പിക്കേണ്ടി വരുന്നു. മക്കളുടെ വിദ്യാഭ്യാസം, വിവാഹം മറ്റ് അത്യാവശ്യങ്ങള്‍ എന്നിവയ്ക്കുപോലും ഭൂമി വില്‍ക്കാനോ പാട്ടത്തിനു നല്‍കാനോ ആകാതെയായി. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തുണ്ടെങ്കിലും അധികാരികള്‍ പരിഹാരത്തിനു ശ്രമിക്കുന്നില്ല. കഴിഞ്ഞദിവസം സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി വിളിച്ചു ചേര്‍ത്ത പ്രദേശവാസികളുടെ യോഗത്തില്‍ നൂറിലധികം പേരാണ് പങ്കെടുത്തത്. സി ദിവാകരന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. പി ഹരികേശന്‍ നായര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, ലോക്കൽ സെക്രട്ടറി ശ്രീകേശ്, കൗണ്‍സിലര്‍ എന്‍ ആര്‍ ബൈജു,പുലിപ്പാറ വിജയന്‍, അഖിലേഷ് എന്നിവര്‍ സംസാരിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടി എത്രയുംവേഗം പൂര്‍ത്തിയാക്കാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആര്‍ ജയദേവന്‍ അറിയിച്ചു.









0 comments