എൽഡിഎഫിന‌് ഉജ്വല വിജയം

പാലോട്
നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ പരാജയപ്പെടുത്തി എൽഡിഎഫ് സ്ഥാനാർഥി ആർ പുഷ്പനാണ് വിജയിച്ചത്. 106 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫിന് 500ഉം ബിജെപിക്ക് 134ഉം വോട്ടുകളേ നേടാനായുള്ളൂ. എൽഡിഎഫ് 606 വോട്ടുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എം 526, യുഡിഎഫ് 428, ബിജെപി 146 എന്നിങ്ങനെയായിരുന്നു വോട്ടുനില. ബിജെപിയുടെ വോട്ട് ഇക്കുറി കുറഞ്ഞു.
നന്ദിയോട് പഞ്ചായത്ത് ഓഫീസിലായിരുന്നു വോട്ടെണ്ണൽ. പകൽ 10.15ന് ഫലം പ്രഖ്യാപിച്ചു. ഇതോടെ ആഹ്ലാദ പ്രകടനമായി.
നൂറു കണക്കിനു പേർ അണിനിരന്ന് നന്ദിയോട് ജങ്ഷനിൽ പ്രകടനം നടത്തി. ആർപ്പ് വിളികളുടെയും വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ വാർഡ് പ്രദേശങ്ങളിലാകെ ആഹ്ലാദ പ്രകടനങ്ങൾ നടന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത‌് കോൺഗ്രസ് നേതാവായ ചൂടൽ ജോണി പാർട്ടി വിട്ട് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് അന്ന് മീൻമുട്ടി വാർഡിൽ സിപിഐ എം സ്ഥാനാർഥി അജിത്ത് ജയിച്ചതെന്ന മേനിപറച്ചിലിന്റെ തിരിച്ചടികൂടിയായി തെരഞ്ഞെടുപ്പ് ഫലം. വിജയിച്ച ആർ പുഷ്പൻ വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറഞ്ഞു. എൽഡിഎഫ് 10, യുഡിഎഫ് 7, ബിജെപി 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ആകെ 18 വാർഡുകൾ.









0 comments