സ്വർണവും പണവും കവർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2018, 07:53 PM | 0 min read

കാട്ടാക്കട
പൂവച്ചല്‍ പോസ്റ്റ്‌ ഓഫീസിലെ കലക‌്ഷന്‍ ഏജന്റായ ഷെമിയുടെ വൈദ്യന്നൂര്‍ കുഴക്കാട്ടുമുറിയില്‍ കുഴിയന്‍കോണം വീട്ടിലാണ് മോഷണം. തിങ്കളാഴ്ച  പുലർച്ചയോടെയാണ് സംഭവം. പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന മോഷ്ടാവ് അടുക്കളയില്‍ മലമൂത്ര വിസർജനം നടത്തിയാണ് മുങ്ങിയത്.
 
രാത്രി 10.30ന‌് കുടുംബം ഉറങ്ങാന്‍ കിടന്നിരുന്നു. രാവിലെ അടുക്കള വാതില്‍ തുറന്നുകിടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം മനസ്സിലാക്കുന്നത്‌. പോസ്റ്റ്‌ ഓഫീസില്‍ അടയ‌്ക്കാനായി  കണക്കുനോക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന 29,450 രൂപയും അയല്‍ക്കൂട്ടത്തില്‍ അടയ‌്ക്കാനുള്ള 2200  രൂപയും ഇവര്‍ക്ക് പോസ്റ്റ്‌ ഓഫീസില്‍നിന്ന‌് ലഭിച്ച 3600  രൂപയും അലമാരയിലെ അറയിൽ വച്ചിരുന്ന ഒരു വള, മൂന്നു ജോടി കമ്മല്‍,  ചെയിന്‍, രണ്ടു മോതിരം, ഒരു മാല എന്നിവയുള്‍പ്പെടെ മൂന്നര പവനുമാണ് കവര്‍ന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന  പാത്രവും  ഇത് പൊതിഞ്ഞിരുന്ന തുണിയും വീട്ടുവളപ്പില്‍ ഉപേക്ഷിച്ചിരുന്നു. 
 
ഷെമിയും ഭര്‍ത്താവ് ഷാഫിയും അമ്മായിയും കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അടുക്കള വാതില്‍ പൊളിച്ച‌് അകത്തു കടന്ന മോഷ്ടാവ‌് വീട്ടില്‍ സ്ഥിരമായി രാത്രിയില്‍ പ്രകശിപ്പിക്കാറുള്ള സീറോ വാട്ട് ലൈറ്റുകള്‍ അണച്ചിരുന്നു. കിടപ്പുമുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് മോഷണം നടത്തിയത്. അതേസമയം മുറിയിലുണ്ടായിരുന്ന മറ്റു രണ്ട‌് പേഴ്സിലുള്ള തുക എടുത്തിട്ടില്ല. 15 വര്‍ഷമായി പൂവച്ചല്‍ പോസ്റ്റ്‌ ഓഫീസില്‍ കലക‌്ഷന്‍  ഏജന്റായി ജോലി നോക്കുകയാണ് ഷെമി.
പൂവച്ചല്‍ പഞ്ചായത്തിലെ ആലമുക്ക് മൃഗാശുപത്രിക്കു സമീപം സുമയ്യയുടെ വീട്ടിലും അങ്കണവാടിക്കു സമീപം സോമന്റെ വീട്ടിലും   കവര്‍ച്ചാശ്രമം നടന്നിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home