എഐഎസ്എഫ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

ചിറയിൻകീഴ്
ആർഎസ്എസ് ഗുണ്ടകൾ ചേർന്ന‌് എഐഎസ്എഫ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. ചിറയിൻകീഴ് എഐഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ് ശുഭം (23), പ്രവീൺ (30) എന്നിവരെ രാത്രിയുടെ മറവിൽ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവം.
പ്രതികളിൽ ഒരാളായ ഇരുട്ടക്കലുങ്ക് സ്വദേശി വിഷ്ണുവിനെ രാത്രിതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത‌് സ്റ്റേഷനിൽ എത്തിച്ചശേഷം വെറുതെ വിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനവും പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി. പാലകുന്നിൽനിന്ന് ഇരുബൈക്കുകളിലായി വീട്ടിലേക്ക‌് പോകുകയായിരുന്ന ശുഭത്തെയും പ്രവീണിനെയും പുതുവീട് ജങ‌്ഷനുസമീപം പത്തോളം ബൈക്കുകളിലെത്തി ആർഎസ്എസുകാർ ആക്രമിക്കുകയായിരുന്നു. പുതുവീട് ജങ‌്ഷനുസമീപത്തുവച്ച് ശുഭത്തെ കഴുത്തിൽ വെട്ടിവീഴ്ത്താൻ നടത്തിയ ശ്രമം ശുഭം കൈകൊണ്ട് തടഞ്ഞു. കൈക്ക‌് ഗുരുതരമായി പരിക്കേറ്റു. പ്രവീണിനെ ഇരുമ്പുകമ്പി ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇരുവരെയും നാട്ടുകാർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന‌് ശുഭത്തിനെ മെഡിക്കൽ കോളേജിലേക്ക‌് മാറ്റി. അക്രമികളെ ഉടൻ അറസ‌്റ്റ‌് ചെയ്യണമെന്ന‌് ആവശ്യപ്പെട്ട് ചിറയിൻകീഴ് പൊലീസ് സ‌്റ്റേഷനുമുന്നിൽ ധർണ നടന്നു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജി ബി ഇടമന ഉദ്ഘാടനം ചെയ്തു. സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം പി മുരളി, ഡിവൈഎഫ്ഐ നേതാക്കളായ മിഥുൻ, വൈശാഖ്എന്നിവർ സംസാരിച്ചു.









0 comments