രക്തസാക്ഷി സ്‌മരണയിൽ നാരായണൻ നായർ മന്ദിരം തുറന്നു

ആനാവൂർ
രക്തസാക്ഷിയുടെ സ്മരണകൾ ജ്വലിച്ച സന്ധ്യയിൽ നാരായണൻ നായർ സ്മാരകമന്ദിരം നാടിന് സമർപ്പിച്ചു. സിപിഐ എം ആനാവൂർ ലോക്കൽ കമ്മിറ്റിക്കുവേണ്ടി നിർമിച്ച മന്ദിരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ആർഎസ്എസുകാർ അരുംകൊല ചെയ്ത അനശ്വര രക്തസാക്ഷി നാരായണൻ നായരുടെ ഓർമകളെ സാക്ഷിനിർത്തി ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. രക്തസാക്ഷി കുടുംബാംഗങ്ങളടക്കം വൻ ജനാവലി സാക്ഷികളായി. ചുവപ്പുസേനാമാർച്ചിനും ബഹുജനറാലിക്കും ബാൻഡ്മേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. മലയാളിക്ക് നിവർന്നുനിൽക്കാൻ തന്റേടം പകർന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വലിയ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഉദ്ഘാടനസമ്മേളനത്തിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ പറഞ്ഞു. ചെറുതും വലുതുമായ പോരാട്ടങ്ങളിലൂടെയാണ് കേരളം വളർന്നത്. അനാചാരവും അന്ധവിശ്വാസവും ഇല്ലാതാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
നിർമാണ കമ്മിറ്റി ചെയർമാൻ പാലിയോട് ശ്രീകണ്ഠൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി, സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ, സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാകമ്മിറ്റിയംഗം ഡി കെ ശശി, വെള്ളറട ഏരിയ സെക്രട്ടറി കെ എസ് മോഹനൻ, പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ, വി എസ് ഉദയൻ, ആർ അമ്പിളി, എച്ച് എസ് അരുൺ, എസ് ബിനുകുമാർ എന്നിവർ സംസാരിച്ചു.









0 comments