ദേശാഭിമാനി – നെഞ്ചോടുചേർത്ത് റോസമ്മ വിടവാങ്ങി

കാട്ടാക്കട
അവസാന യാത്രയിലും ദേശാഭിമാനിയെ ഹൃദയത്തോട് ചേർത്ത് റോസമ്മ വിടവാങ്ങി. ഊരൂട്ടമ്പലം വണ്ടന്നൂർ കീളിയോട് രാജ്ഭവനിൽ റോസമ്മയും ദേശാഭിമാനിയും തമ്മിൽ 3 പതിറ്റാണ്ടിന്റെ ബന്ധമുണ്ട്.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള റോസമ്മയുടെ ഓരോ ദിവസവും ആരംഭിക്കുന്നത് രാവിലെ കട്ടൻചായക്കൊപ്പം ദേശാഭിമാനി വായിച്ചാണ്. ഒരു ദിവസം പത്രം മുടങ്ങിയാൽ വിതരണക്കാരനെ വിളിക്കും, പാർടി സഖാക്കളെ വിളിച്ച് പരിഭവം പറയും. മക്കൾ എവിടുന്നെങ്കിലും പത്രം വീട്ടിലെത്തിക്കുന്നതോടെയേ പരിഭവം തീരൂ. എന്നിട്ടേ ഭക്ഷണം കഴിക്കൂ.
റോസമ്മയുടെ വായനയ്ക്കുമുണ്ട് പ്രത്യേകത. എല്ലാ വാർത്തകളും കുറഞ്ഞത് 2 പ്രാവശ്യം വായിക്കും. പൊതുഅവധി ദിവസങ്ങളിൽ പത്രം ഉണ്ടാവില്ലെന്ന് അറിഞ്ഞ് തലേ ദിവസത്തെ പേജുകൾ പകുതിമാത്രം വായിച്ച് ബാക്കി അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കും. 4 വർഷംമുമ്പ് സിപിഐ എം നടത്തിയ ഗൃഹസന്ദർശന സമയത്ത് വീട്ടിലെത്തിയ പാർടി പ്രവർത്തകർ റോസമ്മയുടെ പത്രവായന കണ്ട് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഈ ചിത്രം ദേശാഭിമാനിയുടെ പ്രചാരണബോർഡുകളിലും പോസ്റ്ററുകളിലും പാർടി സമ്മേളന നോട്ടീസുകളിലും ഇടംനേടി. ഏതാനും ദിവസംമുമ്പാണ് സ്ട്രോക്ക് വന്ന് കിടപ്പിലായത്. ഈ വർഷത്തെ ദേശാഭിമാനി വാർഷിക വരിസംഖ്യയും മകനെ കൊണ്ട് അടപ്പിച്ചു.
ചികിത്സയിലിരിക്കെ വെള്ളി രാവിലെ 10നായിരുന്നു അന്ത്യം. മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അവരുടെ ആഗ്രഹം പോലെ ദേശാഭിമാനി പത്രം റോസമ്മയുടെ നെഞ്ചോട് ചേർത്താണ് സിപിഐ എം പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചത്.
പരേതനായ കുട്ടപ്പനാണ് ഭർത്താവ്. മക്കൾ: സതി, ശാന്തി, രാജൻ, അമ്പിളി, പരേതയായ ഷാജി. മരുമക്കൾ: വിജയൻ, വർഗീസ് (മണിയൻ), ബിന്ദു, ആന്റണി, രാജേന്ദ്രൻ. പ്രാർഥന ചൊവ്വ എട്ടിന്.









0 comments