സിപിഐ എം ജില്ലാ സമ്മേളനത്തിനായി നാടൊരുങ്ങി

തിരുവനന്തപുരം
ജില്ലയിലെ സിപിഐ എം ഏരിയ സമ്മേളനങ്ങൾ പൂർത്തിയായി. 20 മുതൽ 23 വരെ കോവളത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ നാടൊരുങ്ങി. 2684 ബ്രാഞ്ച് സമ്മേളനവും 185 ലോക്കൽ സമ്മേളനവും 19 ഏരിയ സമ്മേളനവും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്.
സിപിഐ എമ്മിന്റെ കെട്ടുറപ്പും സംഘടനാശേഷിയും ജനകീയ അടിത്തറയും വ്യക്തമാക്കുന്നതായിരുന്നു ഓരോ സമ്മേളനവും. വഞ്ചിയൂർ, കോവളം ഏരിയ സമ്മേളനങ്ങളോടെയായിരുന്നു തുടക്കം. വ്യാഴാഴ്‌ച പാളയം സമ്മേളനത്തോടെയായിരുന്നു സമാപനം. 11 ഏരിയയിൽ പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു.ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം 21ന് രാവിലെ ഒമ്പതിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (കോവളം ജി വി രാജ കൺവൻഷൻ സെന്റർ) പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ സംസാരിക്കും. തിങ്കൾ വൈകിട്ട് നാലിന് പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാകും. ഏരിയാതലത്തിൽ സംഘടിപ്പിച്ച കലാമത്സരങ്ങളുടെ ജില്ലാതല മത്സരം ശനിയാഴ്‌ച തിരുവല്ലത്ത് നടക്കും. കവി ഗിരീഷ് പുലിയൂർ ഉദ്‌ഘാടനം ചെയ്യും. സമാപനസമ്മേളനവും സമ്മാനദാനവും കവി മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്യും. കായികമത്സരങ്ങൾ, സെമിനാറുകൾ, തൊഴിലാളിസംഗമം, കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികൾ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.









0 comments