താഴമ്പള്ളിയിൽ പുലിമുട്ട് നിർമാണം തുടങ്ങി

ചിറയിൻകീഴ്
മുതലപ്പൊഴിയുടെ വടക്ക് ഭാഗത്തെ തീരശോഷണം തടയുന്നതിനായുള്ള പുലിമുട്ട് നിർമാണത്തിന് തുടക്കമായി. താഴമ്പള്ളി മുതൽ ചിറയിൻകീഴ് പഞ്ചായത്ത് അതിർത്തി പ്രദേശമായ പൂത്തുറ മുഞ്ഞമൂട് പാലത്തിന് സമീപം 60 മുതൽ 110 മീറ്റർ വരെ നീളത്തിൽ പത്ത് പുലിമുട്ടുകളാണ് നിർമിക്കുന്നത്.
300 മുതൽ 200 മീറ്റർവരെ ദൂര വ്യത്യാസത്തിലാണ് ഓരോ പുലിമുട്ടുകളും നിർമിക്കുക.
വടക്ക് ഭാഗത്തെ പുലിമുട്ടിൽനിന്ന് 300 മീറ്റർ മാറി നിർമാണം ആരംഭിച്ച ആദ്യ പുലിമുട്ടിന് ( ഗ്രോയിൻ 1) കടലിനുള്ളിലേക്ക് 95 മീറ്റർ നീളമുണ്ടാകും.
തീരദേശ വികസന കോർപറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹാർബർ എൻജിനിയറിങ് വിഭാഗത്തിനാണ് മേൽനോട്ട ചുമതല.
കിളിമാനൂരിൽ നിന്നെത്തിക്കുന്ന വിവിധ കിലോയിലുള്ള കല്ലുകൾ താഴമ്പള്ളിയിലെ വെയ്റ്റ് യാർഡിൽ എത്തിച്ച് ഭാരം പരിശോധിച്ച് മണ്ണുമാന്തിയുടെ സഹായത്തോടെയാണ് കടലിൽ അടുക്കുന്നത് .
ഗ്രോയിനുകൾ നിർമിക്കുന്നതിലൂടെ തീരശോഷണം കുറയുകയും മണൽ അടിഞ്ഞ് കൂടുതൽ തീരം രൂപപ്പെടുകയും ചെയ്യും. കഠിനംകുളം കായൽ തീരസംരക്ഷണത്തിനുമായുള്ള പദ്ധതിയിൽ കിഫ്ബി 26.51 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കടൽക്ഷോഭ സമയങ്ങളിലെ വീടുകളുടെ തകർച്ചയ്ക്കും മത്സ്യത്തൊഴിലാളികൾക്ക് ഇവിടങ്ങളിൽനിന്ന് കടലിലേക്ക് പോകാനാകാത്ത അവസ്ഥയ്‌ക്കും മാറ്റമുണ്ടാകും . വള്ളങ്ങളും മറ്റ് ഉപകരണങ്ങളും കരയിലേക്ക് കയറ്റിവയ്‌ക്കാനും നിർമാണം പൂർത്തിയാകുന്നതോടെ സാധിക്കും.









0 comments