പാപനാശം കുന്നുകൾ കേന്ദ്രവും സംസ്ഥാനവും ചേർന്ന് സംരക്ഷിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:51 AM | 0 min read

വർക്കല
ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച അന്താരാഷ്ട്ര ടൂറിസം മേഖലയായ പാപനാശം കുന്നുകൾ കേന്ദ്ര, -സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്ന് സിപിഐ എം വർക്കല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 
കുന്നുകൾ കനത്ത മഴയിൽ നിരന്തരം ഇടിഞ്ഞ് വീഴുന്നതോടെ വിനോദ സഞ്ചാരികൾക്കുള്ള നടപ്പാതപോലും അപകടാവസ്ഥയിലാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന ലോകത്തിലെ പ്രധാനപ്പെട്ട ക്ലിഫുകളിൽ ഒന്നാണ് വർക്കല. ഇവിടെ മണ്ണിടിച്ചിൽ തടയുന്നതിന്‌ നടപടിയെടുക്കേണ്ടത്‌ കേന്ദ്രവും സംസ്ഥാനവും ചേർന്നാണ്‌. 
വർക്കലയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുക, വർക്കല -–- പാരിപ്പള്ളി റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കുക, പട്ടികജാതി നഗറുകളിൽ സമഗ്ര പഠനം നടത്തി അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക, വർക്കല താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഡിയോളജി, നെഫ്രോളജി ഡോക്ടർമാരെ നിയമിക്കുക, ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് എല്ലാ വിഭാഗം രോഗികളെയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുക, പാപനാശം, കാപ്പിൽ ബീച്ചുകളിൽ കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുക, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ മുഴുവൻ ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുക, നടയറ - ഹരിഹരപുരം കായലോര ടൂറിസം വികസിപ്പിക്കുക, നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയെ പ്രയോജനപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും എച്ച് ഹാരിസ് നഗറിൽ (വർഷമേഘ ഓഡിറ്റോറിയം, വർക്കല ) നടന്ന സമ്മേളനം അംഗീകരിച്ചു. 23 പേർ ചർച്ചയിൽ പങ്കെടുത്തു. 
ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി പി മുരളി, സി അജയകുമാർ, എൻ രതീന്ദ്രൻ, ആർ രാമു, ജില്ലാ കമ്മിറ്റിഅംഗം എസ് ഷാജഹാൻ, ഏരിയ സെക്രട്ടറി എം കെ യൂസഫ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം 20ന് വൈകിട്ട് നാലിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (വർക്കല മൈതാനം) മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home