ജലവിതരണം പുനഃസ്ഥാപിച്ചു; 
പൂർണതോതിലാകാൻ ഒരുദിവസം കൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:43 AM | 0 min read

തിരുവനന്തപുരം
നഗരത്തിൽ ഇരുപത്തിനാല്‌ മണിക്കൂറിലധികം മുടങ്ങിയ കുടിവെള്ള വിതരണം ജലഅതോറിറ്റി പുനഃസ്ഥാപിച്ചെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും പൂർണതോതിൽ വെള്ളമെത്തിയിട്ടില്ല. ഷട്ട്‌ ഡൗൺ ചെയ്‌തശേഷം വീണ്ടും വിതരണമാരംഭിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നമാണിതെന്നും രണ്ടു ദിവസത്തിനുള്ളിൽ പൂർണതോതിൽ എല്ലായിടത്തും വെള്ളമെത്തുമെന്നും ജലഅതോറിറ്റി അധികൃതർ അറിയിച്ചു. ചിലയിടത്ത്‌ ‘എയർ ബ്ലോക്ക്‌’ ഉണ്ടാകുന്നതും ജലവിതരണം തടസ്സപ്പെടുന്നതിന്‌ കാരണമാകുന്നുണ്ട്‌. ജലഅതോറിറ്റിയുടെ ഉപഭോക്‌തൃ പരാതി പരിഹാര നമ്പറായ 1916ൽ വിളിച്ച്‌ ബുദ്ധിമുട്ടുണ്ടായാൽ അറിയിക്കാം. കഴിഞ്ഞദിവസം മുൻകൂട്ടി അറിയിച്ചതിലും കൂടുതൽ സമയം ജലവിതരണം മുടങ്ങിയത്‌ നഗരവാസികളെ വലച്ചിരുന്നു. പലരും നഗരത്തിന്‌ പുറത്തുള്ള ബന്ധുവീടുകളിലേക്ക്‌ മാറി. ഹോട്ടലുകളുടെ പ്രവർത്തനത്തെ ഉൾപ്പെടെ ജലവിതരണം മുടങ്ങിയത്‌ ബാധിച്ചു. ശനി പകൽ മുതൽ താൽക്കാലികമായി നിർത്തേണ്ടി വന്ന കുടിവെള്ള വിതരണം ഞായർ രാത്രി 10.20നാണ്‌ പുനഃസ്ഥാപിക്കാനായത്‌. സ്‌മാർട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ആകാശവാണി റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെയുണ്ടായ തടസ്സങ്ങൾ കാരണമാണ്‌ ജലവിതരണം നിർത്തേണ്ടിവന്നത്‌. വഴുതക്കാട് ഇന്റർ കണക്ഷനോടുകൂടി സ്മാർട്ട്‌ സിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇന്റർകണക്ഷൻ ജോലികളും ജലഅതോറിറ്റി പൂർത്തീകരിച്ചു. സ്മാർട്ട്‌ സിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 24 ഇന്റർ കണക്ഷനുകളാണ് ജലഅതോറിറ്റി പൂർത്തീകരിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home