നൂതന ഹൃദ്‌രോഗ ശസ്ത്രക്രിയ; നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 12:15 AM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന ചികിത്സാ വിജയം. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എത്തിയ കൊല്ലം ചാരുംമൂട് സ്വദേശിയായ 54 വയസ്സുള്ള നിര്‍ധന രോഗിക്കാണ് അത്യാധുനിക ചികിത്സ സൗജന്യമായി ലഭ്യമാക്കിയത്. 
 
സങ്കീര്‍ണമായ സര്‍ജറി ഒഴിവാക്കി നൂതന ചികിത്സാ മാര്‍ഗമായ ഓര്‍ബിറ്റല്‍ അതരക്ടമി ചികിത്സയിലൂടെയാണ് സുഖപ്പെടുത്തിയത്. ഹൃദയത്തിൽ രക്തക്കുഴലിനുള്ളിൽ കാത്സ്യം അടിഞ്ഞുകൂടി മുഴപോലെ അകത്തേക്ക്‌ തള്ളിനിൽക്കുകയായിരുന്നു. പാറ പോലെ ഉറപ്പുള്ള മുഴ രക്തക്കുഴലിലെ തടസ്സം നീക്കുന്നതിന് സാധാരണ ബലൂൺ ഉപയോഗിച്ചാൽ അത് പൊട്ടിപ്പോകും.  
 
ഓര്‍ബിറ്റല്‍ അതരക്ടമി എക്യുപ്മെന്റ് എന്ന ഉപകരണം ഉപയോഗിച്ച് രക്തക്കുഴലിലെ കാഠിന്യമേറിയ മുഴ പൊട്ടിച്ച് കളയുന്ന ചികിത്സയാണ് ഓര്‍ബിറ്റല്‍ അതരക്ടമി. പ്രധാന ഹൃദയ ധമനികളായ എല്‍എംസിഎ, എല്‍എഡിഎല്‍സി എക്‌സ് എന്നിവയില്‍ അടിഞ്ഞുകൂടിയ കാത്സ്യം പൊടിച്ചു മാറ്റി രക്തക്കുഴലുകളിലെ തടസ്സം നീക്കിയാണ് രോഗിയെ രക്ഷിച്ചത്. 
 
വിജയകരമായ ചികിത്സയ്ക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. മികച്ച ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 
സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ചികിത്സ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് രോ​ഗിക്ക് നല്‍കിയത്. 
 
കാര്‍ഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ശിവപ്രസാദ്, പ്രൊഫസര്‍മാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീണ്‍ വേലപ്പന്‍, ഡോ. എസ് പ്രവീണ്‍, ഡോ. അഞ്ജന, ഡോ. ലക്ഷ്മി തമ്പി, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോര്‍, അസീംഷാ, കൃഷ്ണപ്രിയ, നേഹ, അമല്‍, സുലഭ, നഴ്‌സിങ്‌ ഓഫീസര്‍മാരായ കവിതകുമാരി, അനിത, പ്രിയ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.


deshabhimani section

Related News

View More
0 comments
Sort by

Home