ജനകീയ ശുചീകരണത്തിന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 04:35 AM | 0 min read

വിളപ്പിൽ   
‘മാലിന്യമുക്തം എന്റെ കാട്ടാക്കട’ ജനകീയ ശുചീകരണ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം. മണ്ഡലത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 23 മുതൽ സെപ്തംബർ 28വരെയാണ്‌ ശുചീകരണം. 
സ്കൂളുകളിൽനിന്നും പൊതുജനങ്ങളിൽനിന്നും ഹരിതകർമസേന മുഖേനയും ഇനം തിരിച്ച് ശേഖരിക്കുന്ന മാലിന്യങ്ങൾ പഞ്ചായത്ത് കേന്ദ്രങ്ങളിലെത്തിച്ച് ക്ലീൻകേരള കമ്പനി മുഖേന നീക്കം ചെയ്യും. ഇതിനായി മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും ഓരോ കലക്ഷൻ സെന്റർ സജ്ജീകരിച്ചു.
സ്കൂൾ വിദ്യാർഥികൾ ആദ്യ ആഴ്ച ചെരുപ്പ്, ബാഗ് മാലിന്യങ്ങളും രണ്ടാം ആഴ്ച തുണി മാലിന്യങ്ങളും മൂന്നാം ആഴ്ച പേപ്പർ മാലിന്യങ്ങളും നാലാം ആഴ്ചയിൽ ഇ–--വേസ്റ്റും ആണ് ശേഖരിക്കുക. സമാനമായി പൊതുജനങ്ങളിൽനിന്നും മാലിന്യങ്ങൾ ശേഖരിക്കും.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾവഴിയും ശുചിത്വമിഷൻ പരിശീലനം ലഭിച്ച കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാരെ ഉപയോഗിച്ചും എഡിഎസ് മുഖേനയും മാലിന്യ ശേഖരണ ക്യാമ്പയിനെക്കുറിച്ച് അറിയിപ്പ് നൽകി. മാലിന്യ ശേഖരണ ക്യാമ്പയിനു മുന്നോടിയായി വാഹന പ്രചാരണം, നോട്ടീസ് അടക്കമുള്ള ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് വിവിധ തലത്തിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നവർക്ക് ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ പുരസ്കാരങ്ങൾ നൽകും. ഗാന്ധിജയന്തി ദിനത്തിനുമുമ്പായി സമ്പൂർണ മാലിന്യമുക്ത മണ്ഡലമായി കാട്ടാക്കട നിയോജക മണ്ഡലത്തെ മാറ്റുന്നതിനാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home