കരകുളം മേൽപ്പാലം നിർമാണം ഉടൻ ആരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 01:32 AM | 0 min read

നെടുമങ്ങാട്
വഴയില മുതല്‍ പഴകുറ്റിവരെ നാലുവരിപ്പാത വികസനത്തിന്റെ ഭാഗമായി ആദ്യ റീച്ചിലെ കരകുളം  മേൽപ്പാലം നിർമാണത്തിന്റെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചു. ചെറിയാന്‍ വർക്കി കണ്‍സ്ട്രക്‌ഷന്‍സാണ്‌ കരാർ ഏറ്റെടുത്തത്. സെപ്തംബർ മധ്യത്തോടെ നിർമാണം തുടങ്ങുമെന്ന് മന്ത്രിയും നെടുമങ്ങാട്‌ എംഎല്‍എയുമായ ജി ആര്‍ അനില്‍ പറഞ്ഞു. 
ആദ്യ റീച്ചിലുള്ള കരകുളം മേൽപ്പാലം നിർമാണത്തിന് 58.7 കോടിയാണ്‌ ചെലവ്. കരകുളം പാലം ജങ്‌ഷനില്‍നിന്ന്‌ 200 മീറ്റർ മാറി നിർമിക്കുന്ന മേല്‍പ്പാലത്തിന് ഇരുവശങ്ങളിലുമായി 390 മീറ്റർ നീളത്തില്‍ അപ്രോച്ച് റോഡുള്‍പ്പെടെയുണ്ടാകും. ഇതിന് ആകെ 765 മീറ്റർ നീളമാണുണ്ടാകുക. 15 മീറ്റർ ടാറിങ്ങും 0.75 മീറ്റർ വീതിയില്‍ സെന്റർ മീഡിയനുമാണ് ചെയ്യുന്നത്. 
വഴയില മുതല്‍ കെല്‍ട്രോണ്‍വരെ 9.5 കിലോ മീറ്ററും നെടുമങ്ങാട് ടൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജങ്‌ഷനില്‍നിന്നാരംഭിച്ച് കച്ചേരി നട വഴി പതിനൊന്നാം കല്ലുവരെയുള്ള 1.240 കിലോ മീറ്ററും ഉള്‍പ്പെടുന്ന 11.240 കി.മീറ്ററാണ് നാലുവരിയാക്കുന്നത്. പദ്ധതിക്കായി 928.8 കോടി രൂപ കിഫ്ബി അനുവദിച്ചു. രണ്ട്‌ മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട്‌ മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്‌പേസും ഉള്‍പ്പെടെ 21 മീറ്ററിലാണ് റോഡ്‌ നിര്‍മിക്കുന്നത്. മൂന്ന് റീച്ചുകളിലായാണ് നിര്‍മാണം. ആദ്യ റീച്ചില്‍ പേരൂര്‍ക്കട, കരകുളം വില്ലേജുകളില്‍നിന്നായി ഏഴ്‌ ഏക്കര്‍ 81 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂ ഉടമകള്‍ക്ക് പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 190.57 കോടി രൂപ അനുവദിച്ചു. ഇതില്‍ 297 പേര്‍ക്കുള്ള 172.6 കോടി രൂപ വിതരണം ചെയ്‌തു. ശരിയായ രേഖകള്‍ ഹാജരാക്കാത്ത നാലുപേർക്ക് മാത്രമാണ് ഇനി നഷ്ടപരിഹാരത്തുക നൽകാനുള്ളത്. വരുന്ന ആഴ്‌ചയില്‍ ഈ തുകയും നൽകും. ഏറ്റെടുത്ത ഭൂമി നിരപ്പാക്കൽ അടുത്തയാഴ്ച ആരംഭിക്കും. മേൽപ്പാലം നിർമാണത്തിനൊപ്പം കരകുളം പാലത്തിന്റെയും റോഡിന്റെയും നിർമാണവും തുടങ്ങും. ആദ്യ റീച്ചില്‍ വഴയിലമുതല്‍ കെല്‍ട്രോണ്‍ ജങ്‌ഷന്‍ വരെയുള്ള റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിനു വേണ്ടിവരുന്ന 93.64കോടി രൂപയുടെ പ്രവ‍ൃത്തിക്കുള്ള ടെൻഡറും സർക്കാർ പരിഗണനയിലാണ്.


deshabhimani section

Related News

View More
0 comments
Sort by

Home