ജോയി വധം: 5 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 01:12 AM | 0 min read

 

കഴക്കൂട്ടം

കൊലക്കേസ്‌ പ്രതി പന്തലക്കോട് കുറ്റ്യാണി സ്വദേശി ജോയിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ. കുറ്റ്യാണി മുംതാസ് മൻസിലിൽ എ ഷജീർ (39), കുറ്റ്യാണി ലക്ഷം വീട്ടിൽ വി എം രാകേഷ് (36), വള്ളക്കടവ് പുതുവൽപുത്തൻ വീട്ടിൽ (ടിസി 42/1158) നന്ദുലാൽ (30), നേമം എസ്റ്റേറ്റ് വാർഡ്‌ (ടിസി 53/12/1) വിനോദ് (38), മണക്കാട് ശ്രീവരാഹം അടിയിക്കത്തറ പുത്തൻ വീട്ടിൽ ഉണ്ണികൃഷ്‌ണൻ നായർ (42) എന്നിവരെയാണ് പൊലീസ്‌ പിടികൂടിയത്‌. കന്യാകുമാരിയിൽനിന്നാണ്‌ ഇവരെ പിടികൂടിയത്‌. പ്രതികൾ പലതവണ ജോയിയെ പിന്തുടർന്ന് കൊലപ്പെടുത്താൻ അവസരം നോക്കിയിരുന്നു. ഒടുവിൽ, വെള്ളി രാത്രി 8.45ഓടെ പൗഡിക്കോണം സൊസൈറ്റിമുക്കിൽ ഓട്ടോ തടഞ്ഞുനിർത്തിയാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. ജോയി കുറ്റ്യാണി, പന്തലക്കോട് ഭാഗങ്ങളിൽ സംഘമായെത്തി ഗുണ്ടാപ്പിരിവും മണ്ണ്‌ കടത്തും നടത്തിയിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇതിന്റെ പേരിൽ മറ്റുസംഘങ്ങളുമായി തർക്കങ്ങളുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിനിടയാക്കിയതെന്ന്‌ അന്വേഷണസംഘം അറിയിച്ചു. ആറ്റിങ്ങൽ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്താണ്‌ ജോയിയെ പിന്തുടർന്നത്‌. കൊലയ്ക്കുശേഷം കാർ ബാലരാമപുരത്ത് ഉപേക്ഷിച്ച്‌ ഇവർ കന്യാകുമാരിയിലേക്ക്‌ കടന്നു. ഞായർ പുലർച്ചെ രണ്ടിനാണ്‌ ഇവരെ പിടികൂടിയത്‌. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–-ഒന്ന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മറ്റാരെങ്കിലും ക്വട്ടേഷൻ നൽകിയതാണോയെന്ന്‌ പരിശോധിക്കുമെന്ന്‌ കമീഷണർ സ്‌പർജൻ കുമാർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനുവേണ്ടി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. അൻവർ ഹുസൈൻ എന്നൊരാൾകൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ്‌ അറിയിച്ചു.

പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ

നഗരത്തെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായത്‌ പൊലീസിന്റെ മികവ്‌. കാപ്പ കേസിൽ അറസ്റ്റിലായിരുന്ന ജോയി നാലുദിവസം മുമ്പാണ്‌ ജയിൽ മോചിതനായത്‌. വിഷ്‌ണുനഗർ ഭാഗത്ത് താമസത്തിനെത്തിയെങ്കിലും ഗുണ്ടയാണെന്ന്‌ ആരും തിരിച്ചറിഞ്ഞിരുന്നില്ല. വട്ടപ്പാറ, പോത്തൻകോട് സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. കൊല്ലപ്പെട്ട ജോയിയുടെ ശരീരത്തിലുണ്ടായിരുന്നത്‌ ഇരുപത്തിരണ്ടോളം മുറിവുകളായിരുന്നു. കാലിനും കൈയ്‌ക്കും കഴുത്തിലും മാരകമായി വെട്ടേറ്റിരുന്നതായി അന്വേഷകസംഘം അറിയിച്ചു. കാലുകൾ അറ്റ്‌ തൂങ്ങിയ നിലയിലായിരുന്നു. രക്തംവാർന്ന് റോഡരികിൽ കിടന്ന ജോയിയെ ശ്രീകാര്യം പൊലീസ് എത്തിയശേഷമാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ശനി പുലർച്ചയോടെ മരിച്ചു. ഡെപ്യൂട്ടി കമീഷണർ പി നിധിൻ രാജ്, ശ്രീകാര്യം ഇൻസ്പെക്ടർ വി കെ ശ്രീജേഷ്, മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബി എം ഷാഫി, തുമ്പ ഇൻസ്‌പെക്ടർ ആർ ബിനു, കഴക്കൂട്ടം ഇൻസ്‌പെക്ടർ വിനോദ്, എസ്‌ ഐമാരായ വി കെ ശശികുമാർ, പത്മകുമാർ, പി എൽ വിഷ്‌ണു, അനന്തകൃഷ്‌ണൻ, ഉമേഷ്, രാജേഷ് കമാർ, സീനിയർ സിപിഒമാരായ ഗോപകുമാർ, പ്രതീഷ് കുമാർ, ഷെർഷാ ഖാൻ, വിനീത്, നീരജ്, പ്രസാദ്, സജാദ് ഖാൻ, അരുൺ എസ് നായർ, സിപിഒമാരായ പ്രശാന്ത്, ബിനു സിറ്റി ഷാഡോ അംഗങ്ങളായ ടി ജെ സാബു, വിനോദ്, ഷിബി തുടങ്ങിയവർ ഉൾപ്പെട്ട സംഘങ്ങമാണ്‌ അന്വേഷണം നടത്തിയത്‌. സിറ്റി പൊലീസ് കമീഷണർ സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Home