മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി നാട്ടുകാർ പിടികൂടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 12:11 AM | 0 min read

തിരുവനന്തപുരം

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വലിച്ചെറിയുന്നത്‌ തടയാൻ ജനകീയ സമിതികൾ രൂപീകരിച്ച്‌ കോർപറേഷൻ. ആമയിഴഞ്ചാൻ തോട്‌ കടന്നുപോകുന്ന ഏഴു വാർഡിലാണ്‌ സമിതികൾ രൂപീകരിക്കുന്നത്‌. വഞ്ചിയൂർ, കണ്ണമൂല, ശ്രീകണ്ഠേശ്വരം വാർഡുകളിൽ ചേർന്ന യോഗങ്ങളിൽ കൗൺസിലർ ചെയർമാനും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൺവീനറുമായി സമിതികൾക്ക്‌ രൂപം നൽകി. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു യോഗങ്ങൾ. 

മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കുകയും വലിച്ചെറിയുന്നത്‌ തടയാൻ ഇടപെടുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. വീടുകളിൽ കിച്ചൻ ബിന്നുകൾ സ്ഥാപിച്ച്‌ മാലിന്യം സംസ്‌കരിക്കാൻ സംവിധാനമൊരുക്കാനും ഇതിന്‌ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക്‌ അപേക്ഷ നൽകിയാൽ കിച്ചൻ ബിന്നുകൾ ലഭ്യമാകും. 

മൂന്നു യോഗത്തിലും മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു, ഹെൽത്ത്‌ ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ എസ്‌ എസ്‌ ശരണ്യ, രാജേന്ദ്രൻ എന്നിവരും അതതു വാർഡ്‌ ജനകീയസമിതി യോഗങ്ങളിൽ പങ്കെടുത്തു. തമ്പാനൂർ, ചാല, പാളയം, വഴുതക്കാട്‌ എന്നീ വാർഡുകളിൽ അടുത്തദിവസങ്ങളിൽ യോഗം ചേരും. 

മേയർ ചെയർമാനും ആരോ​ഗ്യ സ്ഥിരംസമിതി അധ്യക്ഷ കോ– -ചെയർമാനും കോർപറേഷൻ സെക്രട്ടറി കൺ‌വീനറുമായി കോർപറേഷൻ തലത്തിൽ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്‌. ആദ്യഘട്ടത്തിൽ തോടിന്റെ 6.8 കിലോമീറ്റർ ശുചീകരണവും സംരക്ഷണവും നടത്തും. 

ശേഷിക്കുന്ന ഭാഗങ്ങൾ ഒരുമാസത്തിനുള്ളിൽ ശുചീകരിക്കും. തോടിന്റെ വശങ്ങളിൽ 54 കാമറ സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചുതുടങ്ങി. ഇതിൽ പത്തെണ്ണം മുഖവും വണ്ടിയുടെ നമ്പർ പ്ലേറ്റും വ്യക്തമാകുന്ന എഫ്ആർ കാമറകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home