കുടുംബശ്രീകൾക്ക‌് വായ‌്പ നിഷേധിക്കുന്നു

റാന്നി
വടശ്ശേരിക്കര പഞ്ചായത്തിൽ കുടുംബശ്രീ വഴി പിന്നോക്കവികസന കോർപ്പറേഷൻ നൽകുന്ന വായ്പ നിഷേധിക്കുന്നതായി പരാതി. സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ വഴി മൈക്രോഫിനാൻസ് പദ്ധതിയിലുൾപ്പെടുത്തി 36 മാസ കാലാവധിയിലേക്ക് മൂന്ന‌് ശതമാനം പലിശയ്ക്കാണ‌് കുടുംബശ്രീകൾക്ക് പണം നൽകിക്കൊണ്ടിരുന്നത്. തലച്ചിറയിലെ ഒരു കുടുംബശ്രീ അംഗം തുക തിരിച്ചടച്ചില്ലെന്ന കാരണം കാട്ടിയാണ് സിഡിഎസ് ചെയർപേഴ്സണും മെംബർ സെക്രട്ടറിയും ചേർന്ന‌് മറ്റുള്ളവർക്ക‌് വായ്പ നിഷേധിക്കുന്നത‌്. കഴിഞ്ഞ ദിവസം ചേർന്ന എഡിഎസ് പൊതുസഭയിലും സിഡിഎസ് യോഗത്തിലും അംഗങ്ങൾ ലോണെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇത് നൽകാൻ സാധ്യമല്ലെന്ന‌് അറിയിച്ചത്. ഇതുസംബന്ധിച്ച് തലച്ചിറ കുടുംബശ്രീ അംഗങ്ങൾ ജില്ലാ മിഷന് പരാതി നൽകിയിരുന്നു. തുടർന്ന് വായ്പ തിരിച്ചടയ്ക്കാത്ത കുടുംബശ്രീ ഒഴികെ മറ്റുള്ളവർക്ക് പണം നൽകാമെന്ന് ജില്ലാമിഷന്റെ ഉത്തരവ് സെക്രട്ടറിക്ക് ലഭിച്ചു. . എന്നാൽ ഇതുവരെ പണം നൽകാൻ കോർപറേഷൻ തയാറായിട്ടില്ല. കുടുംബശ്രീ അംഗങ്ങൾക്ക് പിന്നോക്കവികസന കോർപ്പറേഷൻ വായ‌്പ നിഷേധിച്ചാൽ കൊള്ളപ്പലിശയ്ക്ക് സ്വകാര്യ ബാങ്കുകളിൽനിന്നും പണം എടുക്കേണ്ട സ്ഥിതിയുണ്ടാകും. കുടുംബശ്രീ അംഗങ്ങൾക്ക് പിന്നോക്ക വികസന കോർപ്പറേഷനിൽനിന്ന‌് വായ്പ എടുത്ത് നൽകാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾ ആരംഭിക്കുമെന്ന് കുടുംബശ്രീ സെക്രട്ടറി പത്മലേഖ പറഞ്ഞു









0 comments