ഈറ്റയും മുളയും പാകമായി; വെട്ടാൻ നടപടിയില്ല

പത്തനംതിട്ട
ജില്ലയിലെ വനമേഖലയിൽ നട്ടുപിടിപ്പിച്ച ഈറ്റയും മുളയും പാകമായിട്ടും വെട്ടിയെടുക്കാൻ നടപടിയില്ല. ലക്ഷക്കണക്കിന് രൂപ സർക്കാരിലേക്കും ആയിരങ്ങൾക്ക് തൊഴിലും ലഭിക്കാവുന്ന പദ്ധതി ബന്ധപ്പെട്ടവർ അവഗണിക്കുന്നതായി ആക്ഷേപം.
വിവിധ ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയിൽ ചെറിയ അരുവികൾക്ക് ഇരുപുറവും ഹൈടെൻഷൻ ലൈനുകൾ വലിച്ചിരിക്കുന്നതിന്റെ പാർശ്വഭാഗങ്ങളിലും 1982ലും 87ലും ഈറ്റയും മുളയും വച്ചുപിടിപ്പിച്ചു. 89‐93 കാലത്ത് ഈ ഭാഗങ്ങളിലെ പാകമായ ഈറ്റയും മുളയും ബാംബു കോർപ്പറേഷനും എച്ച്എൻഎൽല്ലിനും വിറ്റു. ലക്ഷക്കണക്കിന് ലോഡ് ഈറ്റയും മുളയും ഇതുവഴി വിൽപ്പന നടത്തി. ഇത് വനം വകുപ്പിന് നേട്ടമായി.
തൊഴിലാളികൾക്കും ഇത് വലിയൊരാശ്വാസമായി. അംഗീകൃത ട്രേഡ് യൂണിയനുകളിലായി 900 തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുത്തിരുന്നു. ബാംബു കോർപ്പറേഷന് ഈറ്റ വെട്ടാൻ പ്രത്യേക മേഖല തിരിച്ചു കൊടുക്കുകയും ചെയ്തു. അവർ ഈറ്റ വെട്ടിയെടുത്ത് കുമ്പഴയിലെ കേന്ദ്രത്തിലെത്തിച്ച് നെയ്ത്ത് തൊഴിലാളികൾക്ക് വിതരണം ചെയ്തു. ഇതു വഴി പരമ്പാരഗത മേഖലയായ ഈറ്റ നെയ്ത്ത് തൊഴിലാളികൾക്കും നിരവധി ദിവസത്തെ തൊഴിൽ ലഭിച്ചു. മറ്റ് ഏജൻസികളെടുത്ത മുളയും ഈറ്റയും എച്ച്എൻഎല്ലിന് കൈമാറുകയായിരുന്നു.
ഇതിനു ശേഷം പാകമായി നിൽക്കുന്ന മുളയും ഈറ്റയും വെട്ടാൻ വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. ഇത് വൈകുന്തോറും അവ പൂക്കും. തുടർന്ന് അധിക കാലം ആയുസ്സ് ഇല്ലാത്ത ഈ ചെടികൾ ഉണങ്ങി നശിക്കും. അങ്ങനെ പ്രയോജരഹിതമാകും.
കല്ലാറിന് ഇരുകരകളിലായുള്ള നടുവത്തൂമുഴി റേഞ്ചിന്റെയും വടശ്ശേരിക്കര റേഞ്ചിന്റെയും പരിധിയിലുള്ള ചെളിക്കൽ കൂപ്പിലാണ് ഏറ്റവും അധികം ഈറ്റയുള്ളത്. കരുപ്പാന്തോട്, കുടപ്പാറ, ആരബിൾ ലാൻഡ്, അള്ളുങ്കൽ, പരന്താടി ഭാഗങ്ങളിൽ മുള ധാരാളമായി വളരുന്നുണ്ട്. വടശ്ശേരിക്കര, തേക്കുതോട്, കൊക്കാത്തോട്, ഗുരുനാഥൻമണ്ണ് ഭാഗങ്ങളിലാണ് ഈറ്റ അധികമായി കാണുന്നത്. ഇവ വെട്ടിയിറക്കുന്നതും കാത്തിരിക്കയാണ് തൊളിലാളികൾ.
ഈറ്റ, മുള്ള എന്നിവ വെട്ടുന്നത് വർക്കിങ് പ്ലാൻ അടിസ്ഥാനത്തിലാണെന്നും സെല്ലിങ് സീരീസ് അനുസരിച്ച് നടുവത്തുമൂഴി റേഞ്ചിൽ 2019‐ 20ൽ ഇവ വെട്ടാൻ അനുവാദം ലഭിക്കുമെന്നും നടുവത്തുമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ റഹീംകുട്ടി പറഞ്ഞു. ഈ വർഷം കോന്നി റേഞ്ചിന് അനുവാദം ലഭിച്ചിട്ടുണ്ട്.









0 comments