വീതി കൂട്ടണമെന്ന് ആവശ്യം

കോഴഞ്ചേരി
പുത്തൻകാവ് - –- കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന് ബലക്ഷയം. ആറന്മുള പഞ്ചായത്തിലെ നീർവിളാകം, കുറിച്ചിമുട്ടം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 52 വർഷത്തെ പഴക്കമുള്ള കോൺക്രീറ്റ് പാലത്തെ താങ്ങി നിർത്തുന്ന നീർവിളാകം ഭാഗത്തെ കരിങ്കൽ കെട്ടിന്റെ അടിഭാഗം ഇടിഞ്ഞു വീണാണ് വിള്ളലുണ്ടായത്. പാലം വീതി കൂട്ടി നവീകരിക്കാൻ 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം തയ്യാറാക്കി നൽകിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തിൽ ഇതിന് അംഗീകാരം നൽകി ഫണ്ടനുവദിച്ച് നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് "ലെഫ്റ്റ് ഈസ് റൈറ്റ് സാമൂഹ്യ സാംസ്‌കാരിക സമിതി' മന്ത്രിമാരായ വീണാ ജോർജിനും പി എ മുഹമ്മദ് റിയാസിനും നിവേദനം നൽകി.
നിരവധി ആളുകൾ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന "ബാംഗ്ലൂർ റോഡ്' എന്ന് എന്നറിയപ്പെടുന്ന പൊതു നിരത്തിന്റെ മധ്യഭാഗത്താണ് ഈ പാലം.
നീർവിളാകം പുഞ്ചയുടെ മധ്യത്തിലൂടെയുള്ള റോഡ് കടന്ന് പോകുന്ന ഇവിടം കാലവർഷത്തിൽ വെള്ളം കയറി മുങ്ങുന്ന സ്ഥലമാണ്. 2018ലെ പ്രളയത്തിൽ പാലത്തിന്റെ കൽക്കെട്ടുകൾ ദുർബലപ്പെട്ടിരുന്നു. കുറെ നാളുകളായി അമിത ഭാരത്തിൽ മണ്ണ് കയറ്റിയ വലിയ ടോറസ് വണ്ടികൾ ഇതുവഴി ഇടതടവില്ലാതെ സഞ്ചരിച്ചതിനെ തുടർന്നാണ് കരിങ്കൽ കെട്ട് ഇടിഞ്ഞു തുടങ്ങിയത്.
പുത്തൻകാവ് –- കിടങ്ങന്നൂർ റോഡിലെ നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്ക വഞ്ചി വരെയുള്ള ഭാഗത്ത് ഇപ്പോൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് പുനരുദ്ധാരണം നടക്കുകയാണ്. ഈ പാതയിലെ പാലത്തിന്റെ ബലം പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് അടിയിൽ കരിങ്കൽ കെട്ട് ഇടിഞ്ഞതായി കണ്ടത്. നിലവിലെ സ്ഥിതിയിൽ വലിയ ഭാര വണ്ടികൾ ഇതിലൂടെ സഞ്ചരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
ശബരിമലയിലേക്ക് ചെങ്ങന്നൂർ നിന്നുള്ള പ്രധാന റോഡായ മാവേലിക്കര–-കുമ്പഴ സംസ്ഥാന പാതയുടെ അനുബന്ധ റോഡാണിത്. പുത്തൻകാവിനും മാലക്കരയ്ക്കും മധ്യേ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിമാറ്റി വിടുന്നത് നീർവിളാകം റോഡുവഴിയാണ്.









0 comments