എണ്ണൂറാം വയലിൽ 
വയലൊരുക്കി കുട്ടിക്കൂട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:38 AM | 0 min read

റാന്നി
വയലില്ലാത്തൊരു എണ്ണൂറാം വയലിൽ വയലൊരുക്കി കുട്ടിക്കൂട്ടം. ഒരു തുണ്ട് വയൽ പോലുമില്ലാത്ത വെച്ചൂച്ചിറ  എണ്ണൂറാം വയലിനെ വ്യത്യസ്തമാക്കിയത് ആ പേരിലാണ്. വയൽ എവിടെ എന്ന ചോദ്യം കേട്ടു മടുത്ത കുട്ടിക്കൂട്ടം വയലൊരുക്കാൻ തീരുമാനിച്ചിറങ്ങി. എണ്ണൂറാം വയൽ സിഎംഎസ്എൽപി സ്കൂളിന്റെ മുറ്റത്ത് മനോഹരമായ നെൽ വയൽ കതിരണിഞ്ഞു നിൽക്കുന്ന കാഴ്ച ആരെയും ആകർഷിക്കും. വിത്ത് വിതയ്ക്കലും ഞാറു നടലും, കള പറിക്കലും, വളമിടീലുമൊക്കെ ആഘോഷമാക്കി മഹത്തായ കാർഷിക സംസ്കാരത്തെ അടുത്തറിയുകയായിരുന്നു കുട്ടികൾ. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കുട്ടികൾ കൃഷിക്കായി തെരഞ്ഞെടുത്തത്. ജൈവകൃഷി രീതിയാണ് അവലംബിച്ചത്. അധ്യാപകരായ ഷെൽബി ഷാജി, എൻ ഹരികൃഷ്ണൻ, മെർലിൻ മോസസ്, അഖിൽമോൻ ഷാജി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ കാർഷിക ക്ലബ്ബിലെ പ്രവർത്തകരാണ് വയലൊരുക്കി പരിചരിച്ചു വരുന്നത്. കൊയ്ത്ത് ആഘോഷ പൂർവമായി നടത്താനുള്ള ഒരുക്കത്തിലാണ് കുട്ടിക്കർഷകർ.പണ്ട് മിഷ്ണറിമാർ തങ്ങളുടെ പ്രവർത്തന മേഖലകളെ മിഷൻ ഫീൽഡുകൾ എന്ന് രേഖപ്പെടുത്തിയിരുന്നു.  ചർച്ച് മിഷനറി സൊസൈറ്റിയുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ്(വയൽ പ്രദേശം) ആയി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണ് സ്‌കൂളും സമീപ പ്രദേശങ്ങളും എണ്ണൂറാം വയൽ എന്ന പേരിൽ അറിയപ്പെടുന്നത്. എണ്ണൂറാം വയലിൽ വയലില്ലെന്ന പോരായ്മ പരിഹരിക്കാൻ കഴിഞ്ഞ ആവേശത്തിലാണ് കുട്ടിക്കർഷകരും അധ്യാപകരും.
 


deshabhimani section

Related News

View More
0 comments
Sort by

Home