ഒരുപിടി വിത്തെടുത്തേ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:09 PM | 0 min read

കൊടുമൺ 
""തെയ്യാതിനന്താരാ...താനാതിനന്താരാ.... നട്ടിട്ടും തീരുന്നില്ലേ... തെയ്യാതിനന്താരാ... മെയ്യ്‌ തളർന്നുപോയേ... തെയ്യാതിനന്താരാ...'' എന്ന്‌ പാട്ടുപാടി വിത്തെറിഞ്ഞ്‌ അടുത്തൊരു കൊയ്‌ത്തുകാലത്തെ വരവേൽക്കാൻ നാടൊരുങ്ങി. കാലാവസ്ഥാവ്യതിയാനവും കൃഷിയെ ബാധിക്കുന്ന കുന്നോളം പ്രശ്‌നങ്ങളും ഉണ്ടെങ്കിലും ലാഭമോ നഷ്ടമോ നോക്കാതെ ജില്ലയിൽ സ്ഥിരമായി നെൽകൃഷിയുള്ള രണ്ട് പഞ്ചായത്തുകളാണ് കൊടുമണ്ണും വള്ളിക്കോടും. രണ്ടിടത്തും പാടങ്ങളൊരുങ്ങി. ചിലയിടങ്ങളിൽ കൃഷിപ്പണി കഴിഞ്ഞ് വിതയാരംഭിച്ചു. വള്ളിക്കോട് പഞ്ചായത്തിൽ നരിക്കുഴി, വേട്ടകുളം, തലച്ചേമ്പ്, മേക്കുളം, കൊല്ലായിൽ ഏലകളിൽ വിത കഴിഞ്ഞു. ഏകദേശം 50 ഹെക്ടറിലാണ്‌ ഇത്തവണ കൊടുമണ്ണിൽ കൃഷി. വള്ളിക്കോട് 150 ഹെക്ടറിലും. 
കൊടുമൺ പഞ്ചായത്തിൽ സ്ഥിരമായി നെൽകൃഷിയുള്ള പാടശേഖരമാണ് ഇടത്തിട്ടയിലെ കുമ്പിക്കോണം ഏല. അവിടെ രണ്ടുചാൽ പൂട്ടിയൊരുക്കി വിതയ്‌ക്കാൻ പാകത്തിന് കിടക്കുന്നു. അടിയ്‌ക്കടി പെയ്യുന്ന കനത്ത മഴയിലുണ്ടാകുന്ന വെള്ളക്കെട്ട് കാരണം വിതയ്ക്കാനാവാത്തതാണ് വിളയിറക്കാൻ വൈകുന്നത്. ഐയ്ക്കാട് ഏലായിൽ നേരത്തേ വിത കഴിഞ്ഞതിനാൽ വിത്ത് കിളിർത്ത് നെല്ലായി കളയെടുക്കാൻ പാകമായി. 
കാലാവസ്ഥാ വ്യതിയാനമാണ് നെൽകൃഷി കുറയാൻ കാരണമെന്നാണ് കർഷകരുടെ അഭിപ്രായം. വയലുകൾ പൂട്ടിയൊരുക്കേണ്ട സമയങ്ങളിൽ മഴ കുറയുകയും വെള്ളമില്ലാതിരിക്കുകയും ചെയ്യുന്നത് മൂലം യഥാസമയം വയലൊരുക്കാൻ കഴിയുന്നില്ല. തുലാമഴ കനിഞ്ഞു തുടങ്ങിയതോടെ വെള്ളക്കെട്ട് കൂടി വരികയും ചെയ്യുന്നു. സമീപത്തെ തോട്ടിൽ വെള്ളം ഉയരുന്നതോടെ വയലിൽ വെള്ളക്കെട്ടുയരും. വിത സമയത്തിന് നടക്കില്ല. അത് വിളയെയും പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ തവണ രണ്ടും മൂന്നും തവണയാണ് കർഷകർ വിത്ത് വിതച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home