റിക്രൂട്ട്‌മെന്റ്‌ റാലിയോ...ഇവിടെ കൊടുമൺ 
സ്‌റ്റേഡിയം ഉണ്ടല്ലോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 12:32 AM | 0 min read

കൊടുമൺ 
സൈനികനാകാൻ ആഗ്രഹിച്ച് വീടും നാടും ഉപേക്ഷിച്ച്അന്യ സംസ്ഥാനങ്ങളിൽ പോയി ആഴ്ചകളോളം കാത്തു കെട്ടിക്കിടന്ന കാലം കഴിഞ്ഞു. ഇപ്പോൾ പട്ടാളസേവനം ആഗ്രഹിക്കുന്ന നാട്ടുകാരിലാർക്കും കൊടുമൺ സ്റ്റേഡിയം വരെ പോയാൽ മതി. 13–-ാം തീയതി വരെയാണ് ഇവിടെ റിക്രൂട്ടിങ്‌ നടക്കുന്നത്. സേനയിലെ വിവിധ തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനാണിപ്പോൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലെ പരസ്യപ്രകാരം അപേക്ഷ നൽകി പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കാണിപ്പോൾ കായികക്ഷമതാ പരീക്ഷ നടത്തുന്നത്.    
വൻകിട നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രംനടത്തിയിരുന്ന ഇത്തരം റിക്രൂട്ടിങ്‌ കേന്ദ്രങ്ങൾ ഗ്രാമീണ മേഖലയിലേക്ക് കടന്നുവന്നത് മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ആധുനിക സ്റ്റേഡിയം കൊടുമണ്ണിൽ നിർമിച്ചതുകൊണ്ടാണ്. സൈനിക സേവനത്തിനെത്തുന്നവരുടെ കായികക്ഷമതയാണ് പ്രധാനമായും പരിശോധിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, മികച്ച നിലവാരമുള്ള ഹൈജമ്പ്, ലോങ്‌ ജമ്പ് പിറ്റ്, പോൾ വാൾട്ട്, ജാവലിൻ, ഹാമർ ത്രോ എന്നിവയ്ക്ക് സുരക്ഷിതമായ സൗകര്യങ്ങൾ, ഫുട്ബോൾ ഗ്രൗണ്ട്, ഷട്ടിൽ ബാഡ്‌മിന്റൺ, വോളിബോൾ, ബാസ്‌കറ്റ്ബോൾ കോർട്ടുകൾ എന്നിവ സുരക്ഷിതമായ കായിക പരിശോധനകൾക്ക് ഏറെ സഹായമാണ്. 
ഇഎംഎസ് അന്താരാഷ്‌ട്ര സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി ഏതാനും വർഷങ്ങളേ ആയുള്ളെങ്കിലും കേരളത്തിലെ മുൻനിര സ്റ്റേഡിയങ്ങളിലൊന്നായി ഇതിനകം മാറി. പ്രധാന കായികമത്സരങ്ങളുടെ വേദിയായും പരിശീലന കേന്ദ്രമായും മാറിയ സ്റ്റേഡിയം ഇപ്പോൾ ഇന്ത്യൻ ഭടൻമാരുടെ റിക്രൂട്ടിങ്‌ കേന്ദ്രമായി. കർണാടകം, ലക്ഷദ്വീപ്, മറ്റു പല കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. 
ജില്ലയിലെയും സംസ്ഥാനത്തെയും പ്രധാന കായികപരിപാടികളിൽ മിക്കതും കൊടുമൺ സ്റ്റേഡിയത്തിലാണിപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ജില്ലയിലെ സ്കൂൾ, കോളേജ് തലത്തിലുള്ള കായിക മത്സരങ്ങൾ എല്ലാം കൊടുമൺ സ്റ്റേഡിയത്തിലാണ് നടന്നത്. കൂടാതെ ജില്ലയിലെ ജീവനക്കാരുടെ കലാകായിക മത്സരങ്ങൾ,  ജില്ലാ അത് ലറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന അത്‌ലറ്റിക് മീറ്റ്, അടൂർ, കോന്നി, റാന്നി, സബ്ജില്ലാ മത്സരങ്ങൾ, സിബിഎസ്ഇ സ്‌കൂൾ കായികമത്സരം തുടങ്ങി കുട്ടികളുടെ കായിക വളർച്ചയ്ക്കാവശ്യമായ സ്ഥിരം പരിശീലനകേന്ദ്രമായും സ്റ്റേഡിയം മാറി.തുടക്കം മുതൽ സ്‌റ്റേഡിയം നിർമാണം മുടക്കാൻ യുഡിഎഫ്‌ ശ്രമിച്ചിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട്‌ മാത്രമാണ്‌ സ്‌റ്റേഡിയം പൂർത്തിയാക്കാനായത്‌.
അഗ്നിവീർ
രാജ്യ സേവനമാണ് മുഖ്യമെങ്കിലും തൊഴിലില്ലാത്തവരെ സംബന്ധിച്ചിടത്തോളം മികച്ച തൊഴിലിടമായിരുന്നു പണ്ട് സൈനിക സേ വനം. സേവന കാലത്തും പിരിഞ്ഞ ശേഷവും മരണം വരെയും കുടുംബത്തിന് സുഖമായി ജീവിക്കാനുള്ള വരുമാനം ലഭിച്ചിരുന്നു. എന്നാലിപ്പോൾ നിയമിതരാകുന്ന സൈനികർക്ക് നാലു വർഷം കഴിയുമ്പോൾ പിരിഞ്ഞു പോകേണ്ടിവരും. പിന്നെ പുതിയ തൊഴിൽ കണ്ടെത്തണം.


deshabhimani section

Related News

View More
0 comments
Sort by

Home