മഴക്കുറവ് 27 ശതമാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 01:55 AM | 0 min read

പമ്പ
തുലാമാസം പകുതിയായതോടെ ജില്ലയില്‍ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് മിക്ക ദിവസങ്ങളിലും മഴ ശക്തമായി പെയ്ത് തുടങ്ങി. അണക്കെട്ടുകളിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മണിയാർ അണക്കെട്ടിൽ ശനിയാഴ്ച ഷട്ടറുകൾ തുറക്കാനുമിടയായി. മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. മണിയാറിന്റെയും പമ്പയുടെയും കക്കാട്ടാറിന്റെയും  തീരപ്രദേശത്ത് താമസിക്കുന്നവർക്ക് കലക്ടർ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 
   തുലാമാസം തുടങ്ങിയ ഒക്ടോബർ 15 മുതൽ ഞായറാഴ്ച വരെ ജില്ലയിൽ 27 ശതമാനത്തിന്റെ  മഴക്കുറവ് രേഖപ്പെടുത്തി. ഒക്ടോബർ ഒന്ന് മുതൽ ഞായർ വരെ സാധാരണ​ഗതിയിൽ ജില്ലയിൽ ലഭിക്കേണ്ടത് 397.1 മില്ലി മീറ്റർ മഴയാണ്. ലഭിച്ചത് 288.3 മില്ലി മീറ്ററും. സംസ്ഥാനത്താകെ 17 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നവംബറില്‍ സാധാരണ ലഭിക്കാറുള്ളത് 240– 280 മില്ലി മീറ്റർ മഴയാണ്‌. അത് ഇത്തവണയും ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
    സെപ്തംബറില്‍ 198.4, ഒക്ടോബറില്‍ 317.3 മില്ലി മീറ്ററുമാണ് മഴയാണ്‌ ലഭിച്ചത്‌. സാധാരണ​ഗതിയില്‍ ലഭിക്കേണ്ടതിലും കുറവാണ് രണ്ടു മാസവും  ലഭിച്ചത്. നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ 33  മി.മീ  ലഭിക്കേണ്ടിടത്ത് 47.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 
ഇത്തവണ കാലവര്‍ഷത്തിലോ തുലാമഴ പെയ്ത്തിലോ അധിക നാശനഷ്ടം ജില്ലയ്ക്ക് നേരിടേണ്ടി വന്നില്ല. കാര്‍ഷിക മേഖലയില്‍ കൃഷി നാശം നേരിട്ടെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറവാണ്. ഏതാനും വീടുകള്‍ക്കും  നാശം നേരിട്ടു. 


deshabhimani section

Related News

View More
0 comments
Sort by

Home