നാമ്പെടുക്കാതെ 
ജീവിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 01:31 AM | 0 min read

ചിറ്റാർ
കാട്ടാനകൾക്ക് പുറമേ കുരങ്ങും മലയണ്ണാനുമാണ് ഗുരുനാഥൻമണ്ണ്കാരുടെ ഉറക്കം കെടുത്തുന്നത്. ഒരു മൂട് കപ്പ ഇടാൻ പറ്റാത്ത അവസ്ഥയാണിവിടെ. അത് വിളയാൻ പോലും സമ്മതിക്കില്ല. കപ്പ തല പൊക്കുമ്പോഴേ വരുന്ന കുരങ്ങ് ആദ്യം ഒറ്റയ്ക്ക് വന്ന് മൂടോടെ പിഴുതെടുക്കാൻ ശ്രമിക്കും. കഴിയില്ല എന്ന് മനസിലായാൽ കൂട്ടമായി വന്ന് മണ്ണ് മാന്തി കപ്പ മൂടോടെ പിഴുത് എടുത്ത് മനുഷ്യർ കൊണ്ടു പോകുന്നതു പോലെ ചുമലിൽ വച്ച് കൊണ്ടു പോകും. ഇവിടുടെ പ്രധാന വിളകളിൽ ഒന്നായ കോലിഞ്ചിയോട് ഇവറ്റകൾ കാട്ടുന്നതാണ് ക്രൂരത. നാമ്പെടുത്തുവരുന്ന കോലിഞ്ചി നടുകെ പിളർത്തി കീറികളയുന്നതാണവരുടെ വിനോദം.
    മലയണ്ണാനാണ് മറ്റൊരു വില്ലൻ. അതിന്റെ വിചാരം താനാണ് ഇവിടുത്തെ തെങ്ങെല്ലാം വച്ചിരിക്കുന്നതെന്ന്. ഒരൊറ്റ തേങ്ങ പോലും കർഷകന് കിട്ടുന്നില്ല. വെളയ്ക്കയും കരിക്കും ഉൾപെടെ തുരന്ന് തിന്ന് നശിപ്പിക്കും. മാസം 5000 രൂപയുടെ നാളികേരം വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന കർഷകർ ഉണ്ടായിരുന്ന പ്രദേശത്ത് ഇന്ന് നാളികേര കർഷകർ കടുത്ത നിരാശയിലാണ്. കുരങ്ങും മലയണ്ണാനും ആനയും മാത്രമല്ല മ്ലാവും കേഴയും കാട്ടുപോത്തും കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തെറിയുന്ന ഗുരുനാഥൻ മണ്ണിൽ അവരെ നിലനിർത്തേണ്ടത്
ഈ സമൂഹത്തിന്റെ ബാധ്യതയാണ്. സീതത്തോട് മാർക്കറ്റിലേക്ക് അഞ്ച്‌ വർഷം മുമ്പുവരെ ആവശ്യമായ കാർഷിക വിഭവങ്ങൾ എത്തിച്ചിരുന്നത് ഗുരുനാഥൻ മണ്ണിൽ നിന്നാണ്. എന്നാൽ ഇന്നതില്ല. കൃഷിസ്ഥലങ്ങളിൽ വിഹരിച്ച് നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ വനത്തിനുള്ളിൽ തന്നെ നിലനിർത്താൻ ശാസ്ത്രീയമായ പദ്ധതി വനംവകുപ്പ് തയ്യാറാക്കി നടപ്പാക്കണം.


deshabhimani section

Related News

View More
0 comments
Sort by

Home