സമൃദ്ധം ഓണാഘോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 02:10 AM | 0 min read

പത്തനംതിട്ട
ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയുടെ  ഭാഗമായി സഹകരണ മേഖലയിൽ വിപുലമായ ഒരുക്കം തുടങ്ങി. ജില്ലയിൽ കൺസ്യൂമർഫെഡിന്റെ ​ഗോഡൗണുകളില്‍ സാധനങ്ങൾ നിറഞ്ഞു. വെളിച്ചെണ്ണ ഒഴികെ മറ്റ് അവശ്യ സാധനങ്ങൾ എല്ലാം ഗോഡൗണുകളിൽ എത്തി. വെളിച്ചെണ്ണ രണ്ടു ദിവസത്തിനകം  എത്തുമെന്ന് അധികൃതർ അറിയിച്ചു. 
ശനി, ഞായർ ദിവസങ്ങളിലായി ജില്ലയിലെ 12  ത്രിവേണി വിൽപ്പന ശാലകളിലും  അവശ്യവസ്തുക്കൾ എത്തിക്കും. തിങ്കളാഴ്ച മുതല്‍ സഹകരണ മേഖലയില്‍ തുടങ്ങുന്ന മറ്റ് വില്‍പ്പന ശാലകളിലും അരിയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍  എത്തിക്കും. 
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 80 ചന്തകളാണ് ജില്ലയിൽ ഓണത്തോടനുബന്ധിച്ച് ആരംഭിക്കുന്നത്. ഏഴുമുതൽ 14 വരെയാണ് സഹകരണ മേഖലയിലെ 92 ഓണ വിപണികൾ പ്രവർത്തിക്കുക. സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം ചെയ്യുക. 
13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ മറ്റ്‌ പ്രധാന നിത്യോപയോ​ഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവ് 92 വില്‍പ്പനശാകളിലും ഉണ്ടാകും. സഹകരണ സം​ഘങ്ങളുടെ പച്ചക്കറി ചന്തകളും പ്രവര്‍ത്തിക്കും. സംസ്ഥാനത്താകെ 1500 സഹകരണ വിപണികളാണ് ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന വിധത്തില്‍ അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക. 
12 ത്രിവേണി സ്റ്റോറുകള്‍ പൊടിയാടി, തിരുവല്ല, വെണ്ണിക്കുളം, പുല്ലാട്, കോഴഞ്ചേരി, പത്തനംതിട്ട, ഓമല്ലൂര്‍ മഞ്ഞിനിക്കര, കോന്നി, കലഞ്ഞൂര്‍, പെരുനാട്, സീതത്തോട്, പറക്കോട് എന്നിവിടങ്ങളിലാണ്.  സഹകരണ മേഖലയിലെ ഓണ വിപണി കാര്യക്ഷമമായി നടത്തുന്നത് സംബന്ധിച്ച് വിവിധ സഹകരണസംഘം ഭാരവാഹികളുടെയും അസിസ്റ്റന്റ്  രജിസ്ട്രാർമാരുടെയും യോഗം പത്തനംതിട്ടയിൽ ചേർന്നു. കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കൺസ്യൂമർഫെഡ് ഭരണസമിതിയംഗം ജി അജയകുമാർ  ഉദ്ഘാടനം ചെയ്തു.   സഹകരണ സംഘം ജോയിന്റ്  രജിസ്ട്രാർ സാജൻ ഫിലിപ്പ് അധ്യക്ഷനായി. അസിസ്റ്റന്റ്  രജിസ്‌ട്രാര്‍മാരായ ശ്യാം, അനിൽകുമാർ, അഭിലാഷ്, കമറുദ്ദീൻ, അജിതാകുമാരി എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് റീജണൽ മാനേജർ ടി ഡി ജയശ്രീ സ്വാഗതവും ടി എസ് അഭിലാഷ് നന്ദിയും പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home