കാറ്റിൽ വ്യാപക നാശം 19 വീട്‌ തകർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 12:39 AM | 0 min read

 പത്തനംതിട്ട

ചൊവ്വാഴ്‌ച രാത്രിയുണ്ടായ അതിശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപക നാശം. രാത്രി മഴയോടൊപ്പം ശക്‌തമായ കാറ്റടിക്കുകയായിരുന്നു. ബുധൻ പുലർച്ചെ വരെ വിവിധ ഭാഗങ്ങളിൽ കാറ്റ്‌ നാശം വിതച്ചു. ആറ്‌ താലൂക്കുകളിലായി 17 വില്ലേജുകളെ കാറ്റ്‌ സാരമായി ബാധിച്ചു.  മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞുമാണ്‌ കൂടുതൽ നാശം. മരങ്ങളും ചില്ലകളും വീണ്‌ വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞും നാശമുണ്ട്‌. വിവിധ മേഖലകളിൽ വൈദ്യുതി ബന്ധം താറുമാറായി. ബുധനാഴ്‌ച തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മരം കടപുഴകി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.
ജില്ലയിൽ 19 വീടുകൾക്ക്‌ നാശമുണ്ടായി. ഒന്നും പൂർണമായി തകർന്നിട്ടില്ല. തിരുവല്ല താലൂക്കിൽ എട്ട്‌ വീടുകളാണ്‌ ഭാഗികമായി തകർന്നത്‌. അടൂർ താലൂക്കിൽ ആറ്‌ വീടുകൾക്കും നാശമുണ്ടായി. റാന്നിയിലും മല്ലപ്പള്ളിയിലും രണ്ട്‌ വീതവും കോന്നി താലൂക്കിൽ ഒരു വീടിനും നാശമുണ്ടായി. വിവിധ വില്ലേജുകളിലായി ഏഴ്‌ പേരെയാണ്‌ കാറ്റ്‌ നേരിട്ട്‌ ബാധിച്ചത്‌. കോന്നി താലൂക്കിൽ മൂന്ന്‌, തിരുവല്ലയിൽ ഏഴ്‌, അടൂരിൽ അഞ്ച്‌, റാന്നിയിൽ രണ്ടും അടക്കം 17 വില്ലേജുകളെയാണ്‌ കാറ്റ്‌ സാരമായി ബാധിച്ചത്‌.
മല്ലപ്പള്ളി 
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടഒമുണ്ടായി. കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, കൊറ്റനാട് എന്നീ പഞ്ചായത്തുകളിലായി മുപ്പതിടങ്ങളില്‍ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി. ആനിക്കാട് പഞ്ചായത്തില്‍ മുറ്റത്തുമാവ്, തേലമണ്ണില്‍പടി എന്നിവിടങ്ങളിലായി രണ്ട് 11 കെവി പോസ്റ്റുകള്‍ മരം വീണ് ഒടിഞ്ഞു. പരിയാരം, പുളിക്കാമല, മുറ്റത്തുമാവ് പ്രദേശങ്ങളില്‍ പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മല്ലപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മോനിയുടെ വീടിന് പിന്‍ഭാഗത്തേക്ക് തേക്ക് കടപുഴകി സ്റ്റോര്‍ റൂം തകര്‍ന്നു.
കോഴഞ്ചേരി 
വിവിധ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി തടസവും ഉണ്ടായി. മെഴുവേലി പഞ്ചായത്തിൽ എട്ടാം വാർഡിൽ ആശാ വർക്കറായ രാധാമണിയുടെ വീടിന്റെ മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. ആർക്കും പരിക്കില്ല. തിരുവാഭരണ പാതയായ മെഴുവേലി കൂടോട്ടിക്കൽ പറയങ്കര റോഡിലേക്ക് തേക്കുമരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. 
ആറന്മുള പഞ്ചായത്തിൽ കുറിച്ചിമുട്ടം–നീർവിളാകം–ബാംഗ്ലൂർ റോഡിൽ റോഡിന്റെ വശത്തു നിന്നിരുന്ന വലിയ മരം റോഡിലേക്ക് വീണ് ഗതാഗത തടസം ഉണ്ടായി. പിന്നീടിത് നാട്ടുകാർ മുറിച്ചുമാറ്റി. ആറന്മുള, മെഴുവേലി, ഇലവുംതിട്ട, തോട്ടപ്പുഴശ്ശേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഏറെ നേരം വൈദ്യുതിയും തടസ്സപ്പെട്ടു.  
തേക്കുതോട് 
പറക്കുളം വെങ്ങവിളയിൽ റെജി ഡാനിയേലിന്റെ വീട് ഭാഗികമായി നശിച്ചു.  കാറ്റും മഴയും മൂലം വീടിന്റെ മുകളിലെ ഷീറ്റുകൾ അടർന്നു മാറി ഭിത്തിക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. വീട്ടിൽ ഗൃഹനാഥൻ റെജി, മക്കൾ ആന്റണി, ആന്റോ എന്നിവരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.  ഒമ്പത് ഷീറ്റുകൾ നശിച്ചു. വീടിന്റെ പാതി ഇപ്പോൾ നനഞ്ഞൊലിക്കുകയാണ്. പഞ്ചായത്തംഗവും വില്ലജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വീടിന്റെ അവസ്ഥ കണ്ട് മനസിലാക്കിയിട്ടുണ്ട്.
കനത്ത മഴയിലും കാറ്റിലും കല്ലേലി കൊക്കത്തോട് റോഡിൽ ഞാവനാൽ പഴയ ചെക്ക്‌ പോസ്റ്റ് ഭാഗത്ത്‌  മരങ്ങൾ കടപുഴകി വീണ്‌ ഗതാഗതം മുടങ്ങി. മരം വീണ്‌ വൈദ്യുതിപോസ്റ്റ്‌ ഒടിഞ്ഞു. അഗ്‌നിരക്ഷാസേന എത്തി ഗതാഗതം പുനസ്ഥാപിച്ചു.
അടൂർ
റോഡിന് കുറുകെ മരം വീണ് ഗതാഗതം  തടസ്സപ്പെട്ടു. ഏഴംകുളം -–ഏനാത്ത് റോഡിൽ  തട്ടാരുപടി ജങ്‌ഷന് സമീപം റോഡരികിൽ നിന്ന മരത്തിന്റെ കൊമ്പൊടിഞ്ഞു വൈദ്യുത ലൈനിന് മുകളിലൂടെ റോഡിലേക്ക് വീണാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. അഗ്നിരക്ഷാ സേന സീനിയർ ഓഫീസർ അജീഖാന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നും സേന എത്തി മരം മുറിച്ചു മാറ്റി  ഗതാഗത തടസ്സം ഒഴിവാക്കി.


deshabhimani section

Related News

View More
0 comments
Sort by

Home