ജില്ലയ്‌ക്ക്‌ 2,062 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 01:00 AM | 0 min read

 പത്തനംതിട്ട

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ പൂർത്തിയാകുന്നത്‌ 2062.61 കോടിയുടെ പദ്ധതികൾ. 15 വകുപ്പുകളിലായി 27 പദ്ധതികളാണ്‌ നൂറ്‌ ദിവസത്തിനുള്ളിൽ പൂർത്തീകരണത്തിന്‌ ഒരുങ്ങുന്നത്‌. സംസ്ഥാനത്ത്‌ ആകെ 47 വകുപ്പുകളിൽ നിന്നായി 1,070 പദ്ധതികളാണ്‌ പൂർത്തിയാകുക. ജൂലൈ 15 മുതൽ ഒക്‌ടോബർ 22 വരെ നീളുന്ന 100 ദിവസത്തിൽ ജില്ലയിൽ കോടിക്കണക്കിന്‌ രൂപയുടെ പദ്ധതികളാണ്‌ പൂർത്തിയാകാനിരിക്കുന്നത്‌.
പൊതുമരാമത്ത്‌, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി 15 വകുപ്പുകളിലെ പൂർത്തീകരണത്തോടടുക്കുന്ന 27 പദ്ധതികൾ ഒക്‌ടോബർ 22ന്‌ മുമ്പ്‌ പൂർത്തിയാക്കാനാണ്‌ സർക്കാർ തീരുമാനം. നൂറുദിന പരിപാടിയുടെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‌ കീഴിൽ 29.95 കോടിയുടെ ആറ്‌ പദ്ധതികളാണ്‌ പൂർത്തിയാവുക. കോഴഞ്ചേരി ആർപിഎച്ച്‌ ലാബ്‌, കോന്നി മെഡിക്കൽ കോളേജിലെ മൂന്ന്‌ ക്വാർട്ടേഴ്‌സുകൾ, പഴവങ്ങാടി പിഎച്ച്‌സി, തിരുവല്ല താലൂക്ക്‌ ആശുപത്രി ലേബർ റൂം ശാക്തീകരണം എന്നിവയാണ്‌ പൂർത്തിയാകുന്ന പദ്ധതികൾ.
പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിൽ 2006 കോടിയുടെ അഞ്ച്‌ പദ്ധതികളാണ്‌ പൂർത്തിയാകാനൊരുങ്ങുന്നത്‌. കോട്ടാങ്ങൽ – ആലപ്ര ലിങ്ക്‌ റോഡ്‌, അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ്‌, പത്തനംതിട്ട – അയിരൂർ റോഡ്‌, കോട്ട പാലം, രണ്ട്‌ കെട്ടിടങ്ങൾ എന്നിവയാണ്‌ പൂർത്തിയാവുക. വനം – വന്യജീവി വകുപ്പിന്‌ കീഴിൽ കോന്നി, റാന്നി ഫോറസ്റ്റ്‌ ഡിവിഷൻ പരിധിയിൽ 2.9 കോടി ചെലവിൽ നടപ്പാക്കുന്ന വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളും പൂർത്തിയാവുന്നവയിൽ പെടുന്നു.
വിനോദസഞ്ചാര വകുപ്പിന്‌ കീഴിൽ 1.9 കോടിയുടെ ഗവി ഇക്കോ ടൂറിസം പദ്ധതി, ദേവസ്വം വകുപ്പിൽ അഞ്ച്‌ കോടിയുടെ ശബരിമല ഗസ്റ്റ്‌ ഹൗസ്‌ നവീകരണം, എക്‌സൈസ്‌ വകുപ്പിന്‌ കീഴിൽ 2.74 കോടിയുടെ പത്തനംതിട്ട എക്‌സൈസ്‌ ടവർ, ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക്‌, റാന്നി സെന്റ്‌ തോമസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ 10.49 കോടിയുടെ മൂന്ന്‌ പദ്ധതികൾ എന്നിങ്ങനെ 27 പദ്ധതികളാണ്‌ ഈ ദിവസങ്ങളിൽ ജില്ലയിൽ പൂർത്തിയാവുക.
തദ്ദേശ സ്വയംഭരണ വകുപ്പിന്‌ കീഴിൽ 94 ലക്ഷത്തിന്റെ കേരള ചിക്കൻ, തൊഴിൽ നൈപുണ്യ വകുപ്പിന്റെ 62.71 ലക്ഷത്തിന്റെ കോന്നി നൈപുണ്യ വികസനകേന്ദ്രം, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 65 ലക്ഷത്തിന്റെ പള്ളിക്കൽ ബഡ്‌സ്‌ സ്‌കൂൾ കെട്ടിട നിർമാണം, പരിസ്ഥിതി വകുപ്പിന്റെ 14.4 ലക്ഷത്തിന്റെ പമ്പ, അച്ചൻകോവിൽ നദികളിലെ ദോഷകരമായ പായലുകളെ സംബന്ധിപ്പ പഠനം, സാംസ്‌കാരിക വകുപ്പിന്റെ 22 ലക്ഷത്തിന്റെ ആറന്മുള വാസ്‌തുവിദ്യാ ഗുരുകുലം തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പ്രകാശനം എന്നിവയും ഉടൻ നടക്കും.


deshabhimani section

Related News

View More
0 comments
Sort by

Home