പിഎസ‌്സി ഇല്ലെങ്കിൽ വീണ്ടും എം പാനൽ; ലിസ‌്റ്റ‌് നൽകി

പാലക്കാട‌്
കെഎസ‌്ആർടിസിയിൽ എം പാനൽകാരെ പിരിച്ചുവിട്ടശേഷമുളള പിഎസ‌്സി നിയമനം കാര്യമായ പുരോഗതിയില്ലാത്തതിനാൽ പ്രതിസന്ധി പരിഹരിക്കാൻ മാർഗം തേടുന്നു.
പിരിച്ചുവിട്ട എം പാനൽകാരെ വീണ്ടും നിയമിക്കാനുള്ള അനുമതി തേടി വ്യാഴാഴ‌്ച സർക്കാരിനെ കെഎസ‌്ആർടിസി സമീപിക്കും. ഇതിനായി ഓരോ ഡിപ്പോയിലും ആവശ്യമുള്ള കണ്ടക്ടർമാരുടെ കണക്ക‌് സമർപ്പിക്കാൻ അതത‌് ഡിപ്പോകൾക്ക‌് നിർദേശം നൽകി. ഇതോടൊപ്പം യോഗ്യരായ എം പാനൽകാരുടെ പട്ടികയും സമർപ്പിക്കണം. ജില്ലയിൽ ആവശ്യമുള്ള കണ്ടക്ടർമാരുടെ ലിസ‌്റ്റും എം പാനൽകാരുടെ പട്ടികയും നൽകികഴിഞ്ഞു.
പാലക്കാട‌്നിന്ന‌് സ്ഥലം മാറിപ്പോയ, പാലക്കാട‌് ജില്ലക്കാരായ കണ്ടക്ടർമാരുടെ പട്ടികയും നൽകിയിട്ടുണ്ട‌്. പിഎസ‌്സി വഴി നിയമനം നേടിയവരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം ഇതര ജില്ലക്കാരാണ‌്. ഹൈക്കൊടതി നിർദേശത്തെതുടർന്ന‌് ജില്ലയിൽ 136 എം പാനൽകാരെയാണ‌് വിവിധ ഡിപ്പോകളിൽനിന്നും പരിച്ചുവിട്ടത‌്. പകരം പിഎസ‌്സി ലിസ‌്റ്റിൽ നിന്നും പാലക്കാട‌് ഡിപ്പോയിൽ 11 വനിതകൾ ഉൾപ്പെടെ 25 പേരും ചിറ്റൂർ ഡിപ്പോയിൽ ഒമ്പത‌് പേരുമാണ‌് ജോലിയിൽ പ്രവേശിച്ചത‌്. ഇതുകൊണ്ട‌് കണ്ടക്ടർ ക്ഷാമം തീരില്ല.
പാലക്കാട‌് ഡിപ്പോയിൽ എം പാനൽകാരായ 74 പേരേയും ചിറ്റൂരിൽ 33 പേരെയും പരിച്ചുവിട്ടിരുന്നു.എന്നാൽ ആവശ്യമായ ജീവനക്കാർ ഇല്ലാത്തതിനാൽ പ്രതിസന്ധി തുടരുകയാണ‌്. പിരിച്ചുവിട്ട എം പാനൽ കാരെ വീണ്ടും നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ‌് യോഗ്യരായ എം പാനൽകാരുടെ ലിസ‌്റ്റ‌് നൽകാൻ നിർദേശിച്ചിരിക്കുന്നത‌്. .
പിഎസ‌്സി വഴിയുള്ള നിയമനത്തിന‌് 45 ദിവസം സാവകാശമുണ്ടെന്നിരിക്ക, കെഎസ‌്ആർടിസിയുടെ പ്രതിസന്ധി കണക്കിലെടുത്ത‌് നിയമനം വേഗത്തിലാക്കാനാണ‌് ഉത്തരവ‌് നേരിട്ട‌് കൈപ്പറ്റാൻ ഉദ്യോഗാർഥികളോട‌് ആവശ്യപ്പെട്ടത‌്. എന്നാൽ റാങ്ക‌് ലിസിറ്റിലുള്ളവരിൽ നല്ലൊരുഭാഗം ഇതിനകം മറ്റ‌് സർക്കാർ വകുപ്പുകളിൽ ജോലി ലഭിച്ചവരാണ‌്. ചിലർക്ക‌് ജോലിയോട‌് താൽപ്പര്യവുമില്ല. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
തിങ്കളാഴ‌്ചയും പാലക്കാട‌്, മണ്ണാർക്കാട‌്, ചിറ്റൂർ ഡിപ്പോകളിൽ സർവീസ‌് വെട്ടിച്ചുരുക്കി. ഒമ്പത‌് സർവീസ‌് വരെ പാലക്കാടും ചിറ്റൂരും റദ്ദാക്കിയിരുന്നു.









0 comments