ഭാരം കയറ്റി പായേണ്ട; 
പിടി വീഴും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 11:44 PM | 0 min read

പാലക്കാട്‌
അമിതഭാരം, അമിതവേഗം, നിയന്ത്രണമുള്ള സമയത്തെ സഞ്ചാരം തുടങ്ങി മോട്ടോർ വാഹന വകുപ്പ്‌ നടത്തിയ പരിശോധനയിൽ പിടിവീണത്‌ 151 വാഹനത്തിന്‌. നിയമലംഘനം നടത്തിയ വാഹനങ്ങളിൽനിന്നായി 6.24 ലക്ഷം രൂപ പിഴയീടാക്കും. അമിതലോഡ്‌ കയറ്റിവന്ന ഏഴ്‌ വാഹനം പിടികൂടി. 1.42 ലക്ഷമാണ്‌ പിഴ. ഒറ്റപ്പാലം, കുളപ്പുള്ളി, ഓങ്ങല്ലൂർ, വല്ലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 
അമിതഭാരം കയറ്റിയ വാഹനങ്ങൾ, വേഗക്കൂടുതൽ, സ്‌കൂൾ സമയങ്ങളിലുള്ള ടിപ്പർലോറിയുടെയും മറ്റും പാച്ചിൽ തുടങ്ങിയവയാണ്‌ പ്രധാനമായും പരിശോധിച്ചത്‌. ആർടിഒ വി ടി മധുവിന്റെ നിർദേശപ്രകാരം വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജോഷി തോമസ്‌, എസ്‌ രാജൻ, പി കെ ഷിബു എന്നിവരുടെ നേതൃത്വത്തിൽ മൂന്ന്‌ സ്‌ക്വാഡായി തിരിഞ്ഞായിരുന്നൂ പരിശോധന. കുളപ്പുള്ളി, വല്ലപ്പുഴ ഭാഗങ്ങളിൽ സ്കൂൾ പ്രവൃത്തി സമയത്തും ഭാരം കയറ്റിയ വാഹനങ്ങൾ ഓടുന്നതായി പരാതി ലഭിച്ചിരുന്നു. സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഭാരവാഹനങ്ങൾ ഓടരുതെന്ന്‌ മോട്ടാർ വാഹന വകുപ്പിന്റെ കർശന നിർദേശമുണ്ട്‌. 
വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പും പൊലീസും പൊതുമരാമത്ത്‌ വകുപ്പും ചേർന്ന്‌ കൽമണ്ഡപം ബൈപാസ്‌ ഉൾപ്പെടെ പാലക്കാട്‌ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. പട്ടിക്കര ബൈപാസ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ രാത്രിയിൽ തെരുവുവിളക്കുപോലും കത്താത്തതിനാൽ അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്‌. കുണ്ടുംകുഴിയും നിറഞ്ഞ റോഡും പന്നികളും കന്നുകാലികളും നായ്‌ക്കളുമൊക്കെയാണ്‌ പാലക്കാട്‌ നഗരത്തിലെ ഭീഷണി.

 



deshabhimani section

Related News

View More
0 comments
Sort by

Home