പ്രായം മാറിനിൽക്കും ഈ കർഷകനുമുന്നിൽ

പട്ടാമ്പി
കാർഷിക മേഖലയിലെ കാരണവർക്ക് വയസ്സ് 81, യാത്ര ഇപ്പോഴും സൈക്കിളിൽ. കൃഷി അനുഭവങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയാൽ ശങ്കരമംഗലം കിലാലത്തൊടി അലവിക്ക് പറയാനേറെ. പിതാവ് പരിയക്കുട്ടി മികച്ച കർഷകനായിരുന്നു. അക്കാലത്ത് വാപ്പ പുറത്ത് പണിക്കുപോകുമ്പോൾ കൃഷിക്കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിച്ചിരുന്നത് അലവിയെയാണ്. കുടുംബസ്വത്തായി ഉണ്ടായിരുന്ന ഒരേക്കർ നെൽപ്പാടത്തെ പണികളിലൂടെയാണ് കൃഷിയെ സ്നേഹിച്ചുതുടങ്ങിയത്. അങ്ങനെ പാടത്ത് പോയിപ്പോയി താൻ കൃഷിക്കാരനായെന്ന് പറയുമ്പോൾ അലവിക്കയുടെ മുഖത്ത് അഭിമാനത്തിന്റെ തിളക്കം.
ഒരു സ്വകാര്യ നെല്ലുകുത്ത് മില്ലിലും പണിയെടുത്തിരുന്നു. നെല്ലുവരവ് കുറഞ്ഞതോടെ മില്ലിലെ പണി മതിയാക്കി മുഴുവൻ സമയ കർഷകനായി.
കുടുംബസ്വത്തായി അലവിക്ക് ലഭിച്ചത് 50 സെന്റ് കൃഷിയിടമാണ്. അതിൽ ഒതുങ്ങിയില്ല, കൂടുതൽ നെൽപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിചെയ്യാൻ തുടങ്ങി. അതോടൊപ്പം പച്ചക്കറി, നേന്ത്രവാഴ, പശു, ആട്, കുരുമുളക് തുടങ്ങി വിവിധ കൃഷികളും ചെയ്‌തു. ഇന്ന് ശങ്കരമംഗലം പാടശേഖരത്തിൽ 11 ഏക്കർ ഭൂമിയിലാണ് അലവി പൊൻമണി വിത്തുപയോഗിച്ച് കൃഷി ചെയ്യുന്നത്. പട്ടാമ്പി കൃഷിഭവൻ, ശങ്കരമംഗലം പാടശേഖര സമിതി എന്നിവയുടെ സഹായവും ലഭിക്കുന്നുണ്ട്.
പട്ടാമ്പി നഗരസഭ, നെല്ല് ഗവേഷണ കേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത്, കർഷക സംഘം, പട്ടാമ്പി സഹകരണ ബാങ്ക്, ജിഎച്ച്എസ് പട്ടാമ്പി തുടങ്ങി വിവിധ ഇടങ്ങളിൽനിന്നായി മികച്ച കർഷകനുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശങ്കരമംഗലം അമ്പലപ്പറമ്പിനുസമീപത്താണ് താമസം. നബീസയാണ് ഭാര്യ. മക്കൾ: മൊയ്തീൻകുട്ടി, മുസ്തഫ, ജംസിയ. മൊയ്തീൻകുട്ടി കൃഷിപ്പണികൾക്ക് ബാപ്പയെ സഹായിക്കാറുണ്ട്.








0 comments