അഭിമാനമായി കൊച്ചുനാരായണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 11:26 PM | 0 min read

മങ്കര
അർഹമായ അംഗീകാരം തേടിയെത്തിയ സന്തോഷത്തിലാണ്‌ മങ്കര പഞ്ചായത്ത്‌ മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്‌ സീനിയർ സൂപ്രണ്ടുമായ കെ എസ്‌ കൊച്ചുനാരായണി. 
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ്‌ കൊച്ചുനാരായണിയെ തേടിയെത്തിയത്‌. പോളിയോ ബാധിച്ച്‌ രണ്ടാംവയസ്സിൽ വലത്തേ കാൽ തളർന്നു. പിന്നീട്‌ ക്യാലിപെർ ഉപയോഗിച്ചായിരുന്നു കൊച്ചുനാരായണിയുടെ സഞ്ചാരം. 1999ൽ ൨൭–-ാം വയസ്സിൽ ഒറ്റപ്പാലം താലൂക്ക്‌ സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫീസിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്റർ ഗ്രേഡ് രണ്ടായി സർക്കാർ സർവീസിൽ പ്രവേശിച്ചു. പിന്നീട് 2000ൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ എൽഡി ക്ലർക്കായി. സീനിയർ ക്ലർക്ക്, അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കൊടുമ്പ്, പൂക്കോട്ടുകാവ്, മണ്ണൂർ, പറളി പഞ്ചായത്തുകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. സെക്രട്ടറിയായി മങ്കര പഞ്ചായത്തിൽ പ്രവർത്തിക്കുമ്പോൾ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പൂർണ എച്ച്‌ഐവി, എയ്ഡ്സ് ബോധവൽകൃത പഞ്ചായത്താക്കി. 
വയോജനങ്ങൾക്കായി പകൽവീട് സൗകര്യം ഒരുക്കുന്നതിലും കെയർ ടേക്കറെ നിയമിക്കുന്നതിലും മുൻകൈ എടുത്തു. നിലവിൽ ജില്ലാ പഞ്ചായത്തിൽ സീനിയർ ക്ലർക്കാണ്‌. അധ്യാപകരായ കെ ശങ്കര നാരായണന്റെയും കല്യാണിക്കുട്ടിയുടെയും മകളാണ്‌. അധ്യാപകനായ ഹരിഗോവിന്ദാണ്‌ ഭർത്താവ്‌. മകൻ: അനിരുദ്ധൻ.

 



deshabhimani section

Related News

View More
0 comments
Sort by

Home