നൂലിഴകളിൽ കോർത്ത സ്‌നേഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 11:59 PM | 0 min read

പാലക്കാട്‌

എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി ജിഎച്ച്‌എസ്‌എസിൽ എത്തിയപ്പോൾ എട്ടാംക്ലാസുകാരി എസ്‌ ശ്രീപാർവതി ഓടിയെത്തി ടീച്ചറോട്‌ സ്വകാര്യം പറഞ്ഞു. 
അവൾ പറഞ്ഞത്‌ ടീച്ചർ സ്ഥാനാർഥിയോട്‌ ചോദിച്ചു. ‘‘ഡോക്ടർ ഇന്ന്‌ എപ്പഴാ ആന്തൂർക്കാവിലെത്തുന്നത്‌’’ എന്നായിരുന്നു ചോദ്യം. വൈകിട്ടാണ്‌ വരുന്നതെങ്കിൽ തനിക്കും കാണാമായിരുന്നുവെന്നും അവൾ പറഞ്ഞു. വൈകിട്ട്‌ 4.30 ഓടെ എത്തുമെന്ന്‌ സരിൻ മറുപടി നൽകി. 
വൈകിട്ട്‌ അഞ്ചോടെ സരിന്റെ വാഹനപര്യടനം ആന്തൂർക്കാവിലെത്തിയപ്പോൾ രുചികരമായ ബിരിയാണി തയ്യാറാക്കി നാട്ടുകാർ കാത്തിരിപ്പുണ്ടായിരുന്നു. ശ്രീപാർവതിയെ കണ്ടപ്പോൾതന്നെ സരിൻ തിരിച്ചറിഞ്ഞു. ‘‘മോളെയല്ലേ സ്‌കൂളിൽ കണ്ടത്‌’’–- എന്ന്‌ ചോദിച്ചപ്പോൾ പ്രിയസ്ഥാനാർഥി തന്നെ തിരിച്ചറിഞ്ഞ സന്തോഷം അവളുടെ മുഖത്ത്‌ തെളിഞ്ഞു. 
അവൾ ആവേശത്തോടെ വീട്ടിലേക്കോടി. തിരിച്ചുവന്നപ്പോൾ കൈയിൽ സ്ഥാനാർഥിക്ക്‌ നൽകാൻ ഒരു സമ്മാനം കരുതിയിരുന്നു. 
നൂലുകൊണ്ട്‌ നിർമിച്ച ഡോ. പി സരിന്റെ ചിത്രമാണ്‌ അവൾ കൊണ്ടുവന്നത്‌. രണ്ടുദിവസമെടുത്താണ്‌ ശ്രീപാർവതി അത്‌ നിർമിച്ചതെന്ന്‌ അച്ഛൻ ശ്രീധരൻ പറഞ്ഞു. 
ഡോ. പി സരിൻ അവൾ നൽകിയ സമ്മാനം കൂടിനിന്നവർക്കെല്ലാം കാണിച്ചുകൊടുത്തു.  യുട്യൂബിൽ നോക്കിയാണ്‌ ത്രെഡ്‌ ആർട്ട്‌ പഠിച്ചതെന്ന്‌ ശ്രീപാർവതി പറഞ്ഞു. നവകേരള സദസ്സ്‌ പാലക്കാട്ടെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ത്രെഡ്‌ ആർട്ടിലൂടെ നിർമിച്ച്‌ സമ്മാനിച്ചിട്ടുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home