‘കണ്ണാടി’യിൽ തെളിഞ്ഞു; ചുവക്കും മനസ്സുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 12:00 AM | 0 min read

പാലക്കാട്‌
എഴുപതുകാരി ലക്ഷ്മി ചായപ്പൊടി വാങ്ങാൻ പാത്തിക്കലിൽ കടയിലേക്ക് കയറിയപ്പോഴാണ് വോട്ട് അഭ്യർഥിച്ച് എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ എത്തിയത്. കൈകൾ ഗ്രഹിച്ച് ചേർത്തുനിർത്തിയ സരിനോട് ‘‘ജയിച്ച്‌ വരൂ–-’’ എന്ന്‌ ചിരിതൂകി ആശംസ. തൊട്ടടുത്ത മെഡിക്കൽ ഷോപ്പിലെത്തിയപ്പോഴും ആളുകൾ ഒപ്പംകൂടി. ചിരപരിചിതനായി കണ്ട്‌ ഓടിയടുത്തവരെ സ്‌നേഹപൂർവം ആശ്ലേഷിച്ചു. കണ്ണാടിയിലെ വിവിധ ഇടങ്ങളിലായിരുന്നു തിങ്കളാഴ്‌ചത്തെ പര്യടനം. 
 കർഷകസംഘം മുതിർന്ന നേതാവ്‌ കുഞ്ചുമായാണ്ടിയെ വീട്ടിലെത്തി പൊന്നാടയണിയിച്ചു. വിശേഷങ്ങൾ പങ്കിട്ടു. റുക്കിയ താത്തയെ കണ്ട്‌ മുന്നോട്ടുനീങ്ങിയപ്പോൾ ഗൾഫിൽനിന്നുള്ള മകന്റെ വീഡിയോ കോളുമായി നൂർജഹാൻനിന്നു. തങ്ങളുടെ സ്ഥാനാർഥിയെ മകനെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ‘‘പതിമൂന്നാം തീയതി ഇങ്ങെത്തില്ലേ, സുഖമല്ലേ, വോട്ടിടാൻ വരണം’’–- എന്ന സ്‌നേഹഭാഷണത്തോടെ  മുന്നോട്ട്‌. വിളയഞ്ചാത്തന്നൂർ വിഎൽഎൻഎംയുപി സ്‌കൂളിലെ വാഹനം മുന്നിൽ വന്നുനിന്നു. കൈകൾ വീശി തലകൾ പുറത്തിട്ട്‌ ചേട്ടാ എന്നുള്ള കുരുന്നുകളുടെ നീട്ടി വിളി. ‘‘ഡോക്ടറേട്ടനെ കണ്ടെന്ന്‌ പറയണം. വീട്ടിൽ എല്ലാരോടും വോട്ടിടാൻ പറയണം’’–- പാൽപ്പുഞ്ചിരികളോട്‌ ടാറ്റാ പറഞ്ഞ്‌ നടന്നപ്പോൾ കണ്ണാടി ശശി കാത്തുനിന്നു.   
പതിറ്റാണ്ടുകളായി പാർടിക്കുവേണ്ടി ചുവരെഴുതുന്ന ‘ശശിയേട്ടൻ’ നാടൻപാട്ട്‌ കലാകാരൻ കൂടിയാണെന്ന്‌ ഒപ്പമുള്ളയാളുടെ പരിചയപ്പെടുത്തൽ. എനിക്കുവേണ്ടിയും ചുവരെഴുതണം. താൻ വന്ന്‌ കാണും എന്ന സ്ഥാനാർഥിയുടെ ഉറപ്പ്‌. സിപിഐ ദേശീയ നിർവാഹക സമിതിയംഗം കെ പി രാജേന്ദ്രനും സ്വീകരിക്കാനെത്തി. ചെല്ലിക്കാട് തൊഴിലുറപ്പ്‌ തൊഴിലാളികൾ സ്ഥാനാർഥിയെ വരവേറ്റു. കഴുത്തിലണിഞ്ഞ സ്‌നേഹമാലകൾ അമ്മമാർക്ക്‌ നൽകി കൂടെയുണ്ടെന്ന ഉറപ്പോടെ കരം നുകർന്നു.
കണ്ണാടി ഇൻഡസ്‌ മോട്ടോഴ്സ്‌ ജീവനക്കാർ, വടക്കുമുറിയിലെ തൊഴിലുറപ്പ്‌ തൊഴിലാളികൾ, കൊല്ലങ്കോട്ടുപറമ്പ്‌ മില്ല് തൊഴിലാളികൾ, സഹകരണ ബാങ്ക് ജീവനക്കാർ എന്നിവരെയും കണ്ടു. കണ്ണനൂർ, വടക്കുമുറി എന്നിവിടങ്ങളിലും വോട്ട്‌ ചോദിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ നിതിൻ കണിച്ചേരി, ടി കെ നൗഷാദ്‌, എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ കെ എസ്‌ ബോസ്‌, എ കൃഷ്ണദാസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലത, എ രാഗേഷ്‌, സുനിൽകുമാർ എന്നിവർ ഒപ്പമുണ്ടായി.

 



deshabhimani section

Related News

View More
0 comments
Sort by

Home