വർഗീയവാദികൾ ഭയക്കുന്നത് ഇടതുപക്ഷവളർച്ചയെ: പിണറായി

വർഗീയത മതനിരപേക്ഷതയുടെ ശത്രുവാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷ വളർച്ചയെയാണ് വർഗീയവാദികൾ ഭയക്കുന്നത‌്. വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം നിർമിച്ച വീടിന്റെ താക്കോലും കുടുംബസഹായ നിധിയും കൈമാറിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടതുപക്ഷ ആശയങ്ങൾക്ക‌് വേണ്ടിപോരാടിയതിനാണ് കൊലയാളികൾ അഭിമന്യുവിന്റെ ജീവനെടുത്തത്. ഇടതുപക്ഷ പുരോഗമന ആശയം മനസ്സിൽ നിറഞ്ഞുനിന്ന ഉത്തമനായ പോരാളിയായിരുന്നു അഭിമന്യു എന്നാണ് ചരിത്രം രേഖപ്പെടുത്തുക. മാതാപിതാക്കൾക്ക് അടക്കാനാവാത്ത വേദനയുണ്ട്. അതു കടിച്ചമർത്തി അതിശക്തമായ പ്രതിഷേധം ഉയർത്തണം. ഭയന്നുവിറച്ച് മാറിനിൽക്കുന്നവരെയാണ് കൊലയാളികൾക്ക് വേണ്ടത്. അഭിമന്യുവിന്റെ കുടുംബത്തിന്റെ എല്ലാ സംരക്ഷണത്തിനും പാർടിയുണ്ടാവും. വർഗീയതക്കെതിരെ പോരാടിയതുകൊണ്ടാണ് അഭിമന്യുവിന് ജീവൻ ബലിനൽകേണ്ടിവന്നതെന്ന അഭിമാന ബോധമാണ് ഉയരേണ്ടത‌്.
അഭിമന്യുവിന്റെ കൊലപാതകം യാദൃച്ഛികമല്ല. നിശ്ചയിച്ചുറപ്പിച്ച് ആസൂത്രണംചെയ‌്ത‌് വർഗീയശക്തികൾ നടപ്പാക്കിയ ക്രൂരകൃത്യമാണ‌്. നമ്മുടെ കൂട്ടത്തിലുള്ള ആളായിരുന്നു അഭിമന്യു. നാളെ ആരൊക്കെയോ ആകേണ്ടവനായിരുന്ന ചെറുപ്പക്കാരനെ എന്തുതെറ്റ് ചെയ‌്തിട്ടാണ് അവർ വകവരുത്തിയത്.
നാട്ടിൽ എന്തിനും ഏതിനും വർഗീയത കാണുന്നവർക്കും ചേരിതിരിവുണ്ടാക്കുന്നവർക്കും മതനിരപേക്ഷതയെന്ന ഏകത്വ ചിന്തയില്ല. വർഗീയതയില്ലെന്ന് മേനിനടിക്കുന്നവരും ചിലയിടപാടുകളുമായി പോകുന്നുണ്ട്. മറ്റ് മതസ്ഥരുമായി ഇടപഴകരുതെന്ന നിർദേശം ഒരു പ്രൊഫഷണൽ കോളേജിലെ മേധാവിയിൽ നിന്നുമുണ്ടായി. ഇത്തരം നിലപാടുകൾ വിദ്യാർഥികൾക്കിടയിൽ വേരുപിടിച്ചിട്ടില്ല. എക്കാലത്തും ഇടതുപക്ഷ ആശയങ്ങൾക്ക് കരുത്തുപകരുന്ന കലാലയമാണ് മഹാരാജാസ് കോളേജ്. സൈമൺ ബ്രിട്ടോയുടെ ഓർമകൾ ഇവിടെ ജ്വലിച്ചുനിൽക്കുന്നു.
പലവിധ ആക്രമണങ്ങളെയും അതിജീവിച്ചാണ് എസ്എഫ്ഐ ഓരോ കോളേജിലും കരുത്താർജിച്ചിട്ടുള്ളത്. കൊലപാതകങ്ങൾ നടത്തി ക്ഷീണിപ്പിക്കാമെന്ന ചില സംഘടനകളുടെ നിലപാടുകൾക്ക് ഒരു ചലനവും സൃഷ്ടിക്കാനായില്ലെന്നും പിണറായി പറഞ്ഞു.









0 comments