ചിന്നക്കനാൽ ഇരട്ടക്കൊലപാതകം: പ്രതിക്ക‌് അഭയം നൽകിയ ദമ്പതികൾ കസ്റ്റഡിയിൽ

രാജാക്കാട്
ചിന്നക്കനാലിനുസമീപം നടുപ്പാറയിലെ ഇരട്ടക്കൊലപാതകത്തിൽ പൊലീസ‌് അന്വേഷണം ഊർജിതമാക്കി. റിസോർട്ടുടമയുടെ ഡ്രൈവറും പ്രതിയെന്നുസംശയിക്കുന്ന ബോബിന‌് രാത്രിതങ്ങാൻ സൗകര്യം നൽകിയ ശാന്തൻപാറ ചേരിയാർ വീട്ടിലെ ദമ്പതികളെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ എടുത്തു. ബോബിനായി അന്വേഷണം തമിഴ്നാട്ടിലേയ്ക്കും വ്യാപിപ്പിച്ചു. 143 കിലോഗ്രാം ഉണക്ക ഏലക്കായ ഇയാൾ പൂപ്പാറയിലെ ഒരു കടയിൽ വിറ്റിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
എസ്റ്റേറ്റിൽനിന്നും കാണാതായ കാർ മുരിക്കുംതൊട്ടിയിൽ പള്ളിയുടെ പാർക്കിങ്ങിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ഗ്യാപ്പ് റോഡിന് താഴ്‌ഭാഗത്തെ കെ കെ വർഗീസ് പ്ലാന്റേഷൻസിന്റെയും, റിസോർട്ടിന്റെയും ഉടമ കോട്ടയം മാങ്ങാനം കൊച്ചയ്ക്കൽ ജേക്കബ‌് വർഗീസ്(രാജേഷ് -40), ഇയാളുടെ ജോലിക്കാരനായ പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലെയ‌്ൻസിൽ താമസിയ്ക്കുന്ന മുത്തയ്യ(61) എന്നിവരെ ഞായറാഴ്ച് പകൽ 11 ഓടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച് വൈകിട്ടോടെ രാജകുമാരി മുരിക്കുംതൊട്ടി മരിയ ഗൊരോത്തി പള്ളിയുടെ വളപ്പിൽനിന്നും കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കൊണ്ടുവന്നിട്ടത് ആരെന്ന് കണ്ടെത്താനാണ് ശ്രമം. കൊല നടന്നതിന്റെ പിറ്റേന്ന് ശാന്തൻപാറ ചേരിയാറിലെ ഒരു വീട്ടിൽ ബോബിൻ രാത്രി ഒളിച്ചു താമസിച്ചതായും പൊലീസിന് അറിവ് ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുടമകളായ ദമ്പതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, രണ്ട് ദിവസത്തിനകം പ്രതി പിടിയിലാകുമെന്നുമാണ് സൂചനകൾ .
മുത്തയ്യയുടെ സംസ്കാരം തിങ്കളാഴ‌്ച വൈകിട്ടോടെ പവർഹൗസ് ശ്മശാനത്തിൽ നടത്തി. ജേക്കബ‌് വർഗീസിന്റെ മൃതദേഹം എറണാകുളം ഇളങ്ങുളം സെന്റ‌് മേരീസ‌് സുനാരോ പള്ളിയിൽ സംസ‌്കരിച്ചു.









0 comments