സർക്കാർ വാഗ്‌ദാനം പാലിക്കുന്നു; കൊല്ലം ബൈപാസ് നാളെ നാടിന് സമർപ്പിക്കും: മുഖ്യമന്ത്രി(വീഡിയോ)

തിരുവനന്തപുരം> കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദീർഘദൂര യാത്രക്കാർക്ക് തടസങ്ങളില്ലാതെ യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് കൊല്ലം ബൈപാസ് നാളെ നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ബൈപാസ് പൂർത്തിയാക്കുമെന്ന വാഗ്ദാനമാണ് സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്ന ഘട്ടത്തിൽ പാലിക്കുന്നത്.ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പദ്ധതിക്ക് ജീവൻ നൽകി വേഗതയിൽ പൂർത്തിയാക്കാനായി എന്ന അഭിമാനത്തോടെയാണ് സർക്കാരും പൊതുമരാമത്ത് വകുപ്പും കൊല്ലം ബൈപ്പാസ് നാടിന് സമർപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു
മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ
കൊല്ലം ജനതയുടെ ചിരകാല അഭിലാഷം പൂവണിയുന്നു. കൊല്ലം ബൈപാസ് ചൊവ്വാഴ്ച നാടിന് സമർപ്പിക്കുന്നു. കൊല്ലം ബൈപാസ് പൂർത്തിയാക്കുമെന്ന വാഗ്ദാനമാണ് സർക്കാർ ആയിരം ദിനം പൂർത്തിയാകുന്ന ഘട്ടത്തിൽ പാലിക്കുന്നത്.
ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പദ്ധതിക്ക് ജീവൻ നൽകി വേഗതയിൽ പൂർത്തിയാക്കാനായി എന്ന അഭിമാനത്തോടെയാണ് സർക്കാരും പൊതുമരാമത്ത് വകുപ്പും കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് കടക്കുന്നത് . 2016 മെയ് 31 വരെ 23.52 ശതമാനം ജോലിയാണ് പൂർത്തിയാക്കിയിരുന്നത്. രണ്ടര വർഷത്തിനകം 76 ശതമാനം ജോലികളും പൂർത്തിയാക്കാനായി. ഫൗണ്ടേഷനുകളിലായിരുന്ന 3 പാലങ്ങളും ആയിരം ദിവസത്തിനുള്ളിൽ പൂർണ്ണ സജ്ജമാക്കി. 46 പിയറുകളിൽ 37 എണ്ണവും പണിതത് ഈ സർക്കാരിന്റെ കാലത്താണ്. വൻ പ്രളയത്തിനിടയിലാണ് ഈ പ്രവൃത്തികൾ മാന്ദ്യമേതുമില്ലാതെ പൂർത്തീകരിച്ചത്.
352 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ബൈപാസിന് 176 കോടി രൂപ വീതം കേന്ദ്രവും സംസ്ഥാനവും നൽകണം. ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമില്ലാതെ സർക്കാർ തീരുമാനമെടുത്തു. 2016 മെയ് 31 വരെ 34 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി സംസ്ഥാനം ചെലവഴിച്ചിരുന്നത്. അതിനു ശേഷം സർക്കാർ ഇതുവരെ 80 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക അന്തിമ ബില്ലിനൊപ്പം നൽകും.
കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദീർഘദൂര യാത്രക്കാർക്ക് തടസങ്ങളില്ലാതെ യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് കൊല്ലം ബൈപാസ് . 13 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ കൂടി ശക്തിപ്പെടുത്തും.









0 comments