ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം

മുക്കം> കൂടരഞ്ഞി കക്കാടംപൊയിൽ അകമ്പുഴയിലെ കൃഷിയിടത്തിൽ ആദിവാസി യുവതിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ ഷെരീഫിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. താഴേ കക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38) മരിച്ച സംഭവമാണ് പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് രാധികയെ അകമ്പുഴയിലുള്ള കൃഷിസ്ഥലത്തെ ഷെഡ്ഡിനു മുന്നിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടത്. രാധികയോടൊപ്പം കൃഷിസ്ഥലത്ത് ജോലിചെയ്തിരുന്ന ഷെരീഫ് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയവരും ഷെരീഫും ചേർന്നാണ് യുവതിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനിടെ മൃതദേഹത്തിൽ കണ്ട ബലപ്രയോഗത്തിന്റെ പാടുകളാണ് സംശയത്തിനിടയാക്കിയത്. താമരശേരി ഡിവൈഎസ‌്‌പി പി ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ സനൽരാജും താമരശേരി ഡിവൈഎസ‌്‌പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെരീഫ് പിടിയിലായത്.
എട്ടു വർഷമായി രാധികയും ശരീഫും ഒരുമിച്ച‌് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വാഴകൃഷി ചെയ്യുന്നുണ്ട‌്. കൊലനടന്ന ദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലി നടന്ന തർക്കമാണ‌് കൊലപാതകത്തിൽ കലാശിച്ചത‌്. മദ്യലഹരിയിൽ പരസ്പരം കൈയേറ്റം ചെയ‌്തു. ഷെരീഫിന്റെ കഴുത്തിൽ രാധിക പിടിമുറുക്കിയതോടെ ഷെരീഫ് രാധികയെ മർദിക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം തിരിച്ചെത്തിയ ഷെരീഫ് മദ്യലഹരിയിൽ നിലത്തുകിടന്ന രാധികയെ എടുത്തുകൊണ്ടുപോയി ഷെഡ്ഡിനുള്ളിലെ മുറിയിൽ കിടത്തി വൈദ്യുതി മീറ്ററിൽനിന്ന‌് വരുന്ന കണക‌്ഷനിൽ വയർ ഘടിപ്പിച്ച് രാധികയുടെ കൈയിൽ ഷോക്കേൽപ്പിക്കുകയായിരുന്നു. താൻ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം മറ്റുള്ളവർ കാണാനിടയാകുമെന്ന് മനസ്സിലാക്കിയ പ്രതി തെളിവ് നശിപ്പിക്കാനായി ഷെഡ്ഡിനുള്ളിലുള്ള വൈദ്യുതി വയറുകൾ മുറിക്കുകയും മീറ്റർ ബോർഡ‌് അടിച്ചു തകർക്കുകയുംചെയ‌്തു. തുടർന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന‌് പുറത്തേക്ക് വലിച്ച‌് ഷെഡ്ഡിനു മുൻവശം കൊണ്ടുപോയി കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു.
രാധികയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ കൂടെ പോകാൻ തയ്യാറാകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. കണ്ണൂരിൽനിന്ന് വന്ന സയന്റിഫിക് ഓഫീസർ ശേഖരിച്ച തെളിവുകളും പൊലീസിന്റെ ചോദ്യം ചെയ്യലുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മൊഴിയിലുണ്ടായ വൈരുധ്യമാണ് പ്രതിയെ കൂടുതൽ സംശയിക്കാൻ കാരണമായത്.









0 comments