പോരാളിയെ ഹൃദയത്തിലേറ്റിയവരെ സ്വീകരിക്കാനൊരുങ്ങി വട്ടവട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2019, 07:47 AM | 0 min read

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം പണി കഴിപ്പിച്ച വീട് തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നല്‍കും. അഭിമന്യുവിനെ ഹൃദയത്തിലേറ്റിവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വട്ടവട എന്ന കൊച്ചുഗ്രാമം. വട്ടവടയിലെത്തിയ സുമേഷ് കെ ബാലന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

അഭിമന്യു എന്ന പോരാളിയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വട്ടവട. അഭിമന്യു എന്ന ചോര തുടിക്കുന്ന ചെറുപ്പക്കാരന്റെ പുഞ്ചിരിക്കുന്ന ചിത്രങ്ങളും കോടമഞ്ഞില്‍ പാറിപ്പറക്കുന്ന ചെങ്കൊടികളുമാണ് വട്ടവടയിലെത്തുന്നവരെ സ്വീകരിക്കുക. വട്ടവട കോവിലൂരിലെ ഈ ഒറ്റമുറി വീട്ടില്‍ നിന്നാണ് അഭിമന്യു മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നു കയറിയത്. അഭിമന്യുവും അച്ഛനും അമ്മയും മുത്തശ്ശിയും ചേട്ടന്‍ പരിജിത്തും ചേച്ചി കൗസല്യയും അടക്കം ആറുപേര്‍ ആ ഒറ്റമുറി വീട്ടില്‍ ഉണ്ടായിരുന്നു.

അഭിമന്യുവിന്റെ വേര്‍പാടില്‍ മരവിച്ചു പോയ ഈ അതിര്‍ത്തി ഗ്രാമം, അവരുടെ പ്രിയപ്പെട്ടവന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി ഉണരുകയാണ്.     അഭിമന്യുവിന്റെ കുടുംബത്തിനു വേണ്ടി സി പി ഐ എം നിര്‍മ്മിച്ച പുതിയ വീട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും. തുടര്‍ന്ന് അഭിമന്യുവിന്റെ സ്മരണാര്‍ഥം നിര്‍മ്മിച്ച ലൈബ്രറി മുഖ്യമന്ത്രി വട്ടവടയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ജനനായകനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വട്ടവട ഗ്രാമം.



ഞങ്ങള്‍ വട്ടവടയിലെത്തുമ്പോള്‍ സി പി ഐ എം വട്ടവട ലോക്കല്‍ സെക്രട്ടറി ചന്ദ്രശേഖരനും ലോക്കല്‍ കമ്മിറ്റി അംഗം അഴകേശനുമെല്ലാം കൊടികള്‍ കെട്ടി അലങ്കരിക്കുകയാണ്. അഭിമന്യു എന്ന് പറയുമ്പോഴേക്ക് നാട്ടുകാര്‍ സ്‌നേഹത്തോടെ വീട്ടിലേക്കും ലൈബ്രറിയിലേക്കുമുള്ള വഴി പറഞ്ഞു തരും. അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിന്റെ അവസാന മിനുക്കുപണികള്‍ വട്ടവടയിലെ സഖാക്കളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

വട്ടവട പഞ്ചായത്ത് ഓഫീസിന്റെ മൂന്നാമത്തെ നിലയിലാണ് അഭിമന്യു സ്മാരക ലൈബ്രറി. തമിഴിലും മലയാളത്തിലുമുള്ള അര ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. വയ്ക്കാന്‍ അലമാരയില്‍ സ്ഥലമില്ലാത്തതിനാല്‍ കുറേ പുസ്തകങ്ങള്‍ നിലത്ത് അടുക്കി വച്ചിരിക്കുകയാണ്. ഇപ്പോഴും പുസ്തകങ്ങള്‍ ഇവിടേക്ക് വന്നു കൊണ്ടിരിക്കുന്നു. തമിഴ് വംശജര്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെന്ന നിലയിലാണ് തമിഴ് വായനക്കാരക്കൂടി ലക്ഷ്യമിട്ട് തമിഴ് പുസ്തകങ്ങളും എത്തിച്ചത്. തമിഴ് പുസ്തകങ്ങള്‍ എത്തിക്കാനായി എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പുസ്തക ശേഖരണം നടത്തിയിരുന്നു.



ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്ത മഹാരാജാസ് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ മുഴുവന്‍ പേരെയും ലൈബ്രറി ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പി എസ് സി കോച്ചിങ് സെന്ററും ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്. ഇവിടെ ലഭ്യമായ പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്‌ത് ഒരു ഇ ലൈബ്രറി സജ്ജമാക്കാനും പദ്ധതിയുണ്ട്. വട്ടവടയിലെത്തുന്നവരെല്ലാം അഭിമന്യുവിന്റെ വീട്ടിലും ലൈബ്രറിയിലും കയറിയിട്ടെ മടങ്ങാറുള്ളു.

വട്ടവടക്കാരോട് സംസാരിക്കുമ്പോഴാണ് അഭിമന്യു അവര്‍ക്ക് ആരായിരുന്നു എന്നറിയുന്നത്. കാബേജും കോളിഫ്‌ളവറും നിലക്കടലയുമെല്ലാം സമൃദ്ധമായി വളരുന്ന, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അഭിമന്യുവിന്റെ  പുഞ്ചിരിക്കുന്ന ആ ചിത്രം ഒരു നൊമ്പരമായി കൂടെപ്പോരും. 



deshabhimani section

Related News

View More
0 comments
Sort by

Home