വിശ്വാസികൾ ആർഎസ‌്എസ‌് കെണിയിൽ വീണില്ല: ആന്ധ്രയിലെ മുൻ പ്രചാരക‌്

ശബരിമല വിഷയത്തിൽ എൽഡിഎഫ‌് സർക്കാരിനെതിരെ സംഘപരിവാരം ആന്ധ്രയിലും തെലങ്കാനയിലും നടത്തിയ പ്രചാരണങ്ങൾ അയ്യപ്പഭക്തർ തള്ളിക്കളഞ്ഞതായി ആർഎസ‌്എസ‌് മുൻ ജില്ലാ പ്രചാരക‌്. ഇതിന്റെ തെളിവാണ‌് ഈ സംസ്ഥാനങ്ങളിൽനിന്നും പതിനായിരക്കണക്കിന‌് വിശ്വാസികൾ ശബരിമലയിലെത്തുന്നതെന്നും വാറങ്കൽ ജില്ലാ പ്രചാരകനായിരുന്ന വിജയ‌് ശങ്കർ റെഡ്ഡി പറഞ്ഞു.
ഭീതിവിതച്ച‌് രാഷ‌്ട്രീയലാഭം കൊയ്യുന്ന ആർഎസ‌്എസിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച‌് എട്ടുമാസംമുമ്പാണ‌് വിജയ‌് ശങ്കർ സംഘപരിവാർ ബന്ധം ഉപേക്ഷിച്ചത‌്. കമ്യൂണിസ‌്റ്റ‌് സർക്കാർ അയ്യപ്പനെയും ശബരിമലയേയും തകർക്കുന്നുവെന്നാണ‌് ആന്ധ്രയിലും തെലങ്കാനയിലും സംഘപരിവാർ പ്രചരിപ്പിച്ചത‌്. ശബരിമലയ‌്ക്കുപോകാൻ മാലയിട്ടവരെ വിളിച്ചുകൂട്ടിയാണ‌് അസത്യപ്രചാരണം. എന്നാൽ, വിശ്വാസികളും ജനങ്ങളും ഇവരുടെ കെണിയിൽ വീണില്ല. പതിനായിരങ്ങളാണ‌് ഓരോദിവസവും ശബരിമലയിലേക്ക‌് പോകുന്നത‌്.
സംഘപരിവാരത്തിന്റെ കള്ളപ്രചാരണംകൊണ്ട‌് ഇത‌് തടയാൻ സാധിക്കില്ലെന്നും വിജയ‌് ശങ്കർ പറഞ്ഞു. അയോധ്യാമാതൃകയിൽ ശബരിമലയിൽ സംഘർഷമുണ്ടാക്കി ചുവടുറപ്പിക്കാനാണ‌് ആർഎസ‌്എസ‌് ലക്ഷ്യം. ഇതിനായി വ്യാജപ്രചാരണങ്ങൾ സംഘടിപ്പിക്കുന്നു.
12 വർഷം ജില്ലാ പ്രചാരകനായിരുന്ന വിജയ‌് ശങ്കർ കർണാടകം, മഹാരാഷ‌്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും ആർഎസ‌്എസ‌് തലപ്പത്ത‌് പ്രവർത്തിച്ചു.









0 comments