സംഘപരിവാർ സ്‌ത്രീകളെ പേടിച്ചുതുടങ്ങി; അക്രമം നടത്തി അരാജകത്വത്തിലേക്ക‌് തള്ളിവിടാനുള്ള നീക്കം കൈയ്യും കെട്ടി നോക്കിനിൽക്കില്ല: കോടിയേരി

തിരുവനന്തപുരം > ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതോടെ ഇളിഭ്യരും പരിഭ്രാന്തരുമായ ബിജെപി, ആർഎസ‌്എസ‌് നേതൃത്വം ആ ജാള്യം മറച്ചുവയ‌്ക്കാനാണ‌് ഹർത്താലിന്റെ മറവിൽ വ്യാപകമായ അക്രമം അഴിച്ചുവിട്ടതെന്ന‌് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാപകമായ അക്രമത്തിലൂടെ അരാജകത്വത്തിലേക്ക‌് കേരളത്തെ തള്ളിവിടാനുള്ള നീക്കം കൈയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന‌് കോടിയേരി മുന്നറിയിപ്പ‌് നൽകി.
ഹർത്താലിന്റെ മറവിൽ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറി. സിപിഐഎം ജില്ലാ, ഏരിയാ, ലോക്കൽ കമ്മിറ്റി ആഫീസുകൾ വ്യാപകമായി ആക്രമിച്ചു. സിപിഐഎം പ്രവർത്തകരുടെ ഇരുപതോളം വീടുകളും തകർത്തു. സിപിഐ ഓഫീസിന‌് നേരെയും ആക്രമണമുണ്ടായി. കടകൾക്കും സ്ഥാപനങ്ങൾക്കും നേരെ ബോംബ‌് എറിഞ്ഞു. തലശ്ശേരിയിലെ കൊളശ്ശേരിയിൽ സ‌്ത്രീകൾ ജോലി ചെയ‌്തിരുന്ന ദിനേശ‌് ബീഡി ആഫീസിന‌് നേർക്കും ആക്രമണം നടത്തി.
സ‌്ത്രീകൾക്ക‌് നേരെ വ്യാപകമായ ആക്രമണം നടത്താനാണ‌് ആർഎസ‌്എസ‌് നേതൃത്വം തയ്യാറായത‌്. വനിതാ മതിലിലൂടെ ദശലക്ഷകണക്കിന‌് സ‌്ത്രീകൾ പ്രകടിപ്പിച്ച നവോത്ഥാന ഉയർത്തെഴുന്നേൽപ്പ‌് ബിജെപിയെ പരിഭ്രാന്തരാക്കിയിരിക്കുകയാണ‌്. ആർഎസ‌്എസും ബിജെപിയും സ‌്ത്രീകളെ പേടിച്ചുതുടങ്ങിയിരിക്കുകയാണ‌്. അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ‌് ഇപ്പോൾ ശ്രമം.
ജനങ്ങൾക്കെതിരെ യുദ്ധമാണ‌് നടത്തിയത‌്. ശബരിമല വിഷയത്തിൽ ഏഴാമത്തെ ഹർത്താലാണ‌് നടത്തിയത‌്. കേരളത്തിലുടനീളം അക്രമം നടത്തിയിട്ടും ധാരാളം സ്ഥലങ്ങളിൽ കടകളും മറ്റും തുറന്നു പ്രവർ്ത്തിപ്പിക്കാൻ തയ്യാറായി. ജോലി ചെയ്യാൻ ആൾക്കാർ സന്നദ്ധരായി. ഇത‌് ബിജെപിക്ക‌് ജനം നൽകിയ സന്ദേശമാണ‌്.
ശബരിമലയിൽ ഒരു യുവതിയെയും കയറാൻ അനുവദിക്കില്ലെന്നാണ‌് സംഘപരിവാർ പ്രഖൃാപിച്ചത‌്. ശബരിമലയുടെ പരിസരത്ത‌് ആയിരകണക്കിന‌് പ്രവർത്തകരെ അവർ വിന്യസിച്ചു. എന്നിട്ടും രണ്ട‌് യുവതികൾ ദർശനം നടത്തിയത‌് ആർഎസ‌്എസ‌് പ്രഖ്യാപനം കേരളത്തിൽ നടപ്പാകില്ല എന്നതിന്റെ തെളിവാണ‌്. ഇളക്കിവിട്ട വർഗീയ ഭ്രാന്ത‌് ഇപ്പോൾ അവർക്ക‌് തന്നെ തിരിച്ചടിയായിരിക്കുകയാണ‌്. അതിനാലാണ‌് അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കേരളത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത‌്. സ‌്ത്രികൾ ശബരിമലയിൽ കയറിയാൽ ആത്മാഹുതി നടത്തുമെന്നാണ‌് കർമ്മസമിതി നേതാവ‌് പറഞ്ഞത‌്. ഇത‌് അക്രമത്തിന‌് ഉത്തേജനം കൊടുക്കലാണ‌്. ക്രമസമാധാനം പാലിക്കാൻ നിയോഗിക്കപ്പെട്ട പൊലീസുകാരെ ആക്രമിക്കുന്നു. അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി വീടുകളിലേക്ക‌് കത്തയക്കുന്നു. കുടുംബങ്ങളിൽ ഭയം സൃഷ‌്ടിക്കാനാണ‌് നീക്കം. യുവതി പ്രവേശത്തെ സ്വാഗതം ചെയ‌്ത ബിജെപി എംപിയുടെ നിരീക്ഷണമെങ്കിലും ബിജെപി നേതാക്കൾ വായിക്കണം.
തന്ത്രിയുടെ നട അടയ‌്ക്കലും തുറക്കലും ഇതിന‌് മുമ്പും ഉണ്ടായിട്ടുണ്ട‌്. ഈ ഘട്ടങ്ങളിൽ കൂടിയാണ‌് അവർണർ ക്ഷേത്ര പ്രവേശം നേടിയത‌്. ഗുരുവായൂർ ക്ഷേത്രത്തിൽ പിന്നോക്കക്കാർക്ക‌് പ്രവേശം അനുവദിച്ചതിനെതിരെ 1932 ജനുവരി ഒന്നുമുതൽ 28 വരെ നട അടച്ചിട്ടു. പിന്നീട‌് തുറക്കേണ്ടിവന്നു. ലോകനാർ കാവിലും ഇതേ അനുഭവം ഉണ്ടായി. തന്ത്രിയ‌്ക്ക‌് അധികാരമില്ലെന്ന‌് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട‌്. നട അടച്ചിട്ട തന്ത്രിയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയുടെ നടപടി കോൺഗ്രസ‌് സംസ‌്കാരത്തിന‌് നിരക്കുന്നതല്ല. സുപ്രീംകോടതി വിധിക്കെതിരെ വ്യത്യസ്ഥ നിലപാട‌് എടുത്ത അദ്ദേഹം ഭരണഘടനാ പദവി വഹിക്കാൻ യോഗ്യനല്ല.
ആർഎസ‌്എസിന്റെയും ബിജെപിയുടെയും കലാപം ജനങ്ങൾ ചെറുത്ത‌് തോൽപ്പിക്കും. അക്രമത്തിലൂടെ മറ്റ‌് സംസ്ഥാനങ്ങളെ കീഴ‌്പ്പെടുത്തിയ മാർഗ്ഗം കേരളത്തിൽ വിലപ്പോകില്ല. രണ്ടാം വിമോചന സമരം സ്വപ‌്നം കാണുന്ന കർമ്മസമിതിക്കാരുടേത‌് സ്വപ‌്നമായി തന്നെ അവശേഷിക്കും. ശബരിമല വിഷയത്തിൽ പുന:പരിശോധന ഹർജി പരിഗണിക്കുന്ന 22 വരെ കാത്തിരിക്കാനുള്ള ക്ഷമ ബിജെപി നേതൃത്വം കാണിക്കണം.
പന്തളത്ത‌് കർമ്മ സമിതി പ്രവർത്തകൻ മരിച്ചതിൽ സിപിഐഎമ്മിന‌് ബന്ധമില്ല. ഹൃദയാഘാതം മൂലമാണ‌് മരണമെന്നാണ‌് അറിഞ്ഞത‌്. ഹൃദയസംബന്ധമായ രോഗത്തിന‌് അദ്ദേഹം ആൻജിയോ ഗ്രാം പരിശോധനയ‌്ക്ക‌് നേരത്തേ വിധേയനായിട്ടുണ്ട‌്. വ്യാപകമായ രീതിയിൽ അവിടെ കല്ലേറ് ഉണ്ടായി. സിപിഐഎം ഓഫീസിന‌് നേർക്ക‌് കല്ലെറിഞ്ഞു. തിരിച്ചും കല്ലേറ‌് ഉണ്ടായിട്ടുണ്ട‌്. മരണ കാരണം എന്താണെന്ന‌് പരിശോധിച്ചാലേ പറയാൻ കഴിയൂ. ഹർത്താലിന്റെ മറവിൽ സിപിഐഎം ഓഫീസുകൾക്ക‌് നേരെ അക്രമം നടത്തയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന‌് കോടിയേരി ആവശ്യപ്പെട്ടു.









0 comments