മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനം ലംഘിക്കാന്‍ അനുവദിക്കില്ല: ഡിജിപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2019, 11:46 AM | 0 min read

തിരുവനന്തപുരം > മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വി ഐ പി സുരക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റുള്ളവര്‍ക്കും നല്‍കിയ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കാന്‍ ആരേയും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഇത്തരത്തില്‍ മന്ത്രിമാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും വാഹനവ്യൂഹം തടയുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. സുരക്ഷാ സംവിധാനത്തിന് അര്‍ഹതയുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന നടപടിയായി മാത്രമേ ഇത്തരം ശ്രമങ്ങളെ കാണാനാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

ബുധനാഴ്ച മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്ന സമയം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് സെക്രട്ടേറിയേറ്റില്‍ ഏതാനും പേര്‍ കടന്നുകൂടിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനില്‍ വച്ച് ഒരു സംഘം ആള്‍ക്കാര്‍ ഇന്ന് തടയാന്‍ ശ്രമിക്കുകയുണ്ടായി. ഒരു മോട്ടോര്‍ സൈക്കിളില്‍ വന്നവരും റോഡിന്റെ ഇരുവശത്തും നിന്നവരുമാണ് ഇതിന് മുതിര്‍ന്നത്. വാഹനം മുട്ടിയതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്കേല്ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെകൂടി പിടികൂടാന്‍ ഊര്‍ജ്ജിതശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.


 



deshabhimani section

Related News

View More
0 comments
Sort by

Home