സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍; മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 02, 2019, 10:45 AM | 0 min read

കൊച്ചി > സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ വിറളിപൂണ്ട ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചു വിടുന്നു.  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിച്ചെത്തിയ സംഘപരിവാര്‍ സംഘം യാതൊരു പ്രകോപനവും കൂടാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീനിന്‌ നേരെ കല്ലെറിഞ്ഞ സംഘം വെള്ളനാട് സിപിഐ എം ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. സിപിഐ എമ്മിന്റെ ബോര്‍ഡുകള്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു. മാതൃഭൂമി സംഘത്തിന്റെ ക്യാമറ അക്രമി സംഘം തകര്‍ത്തു. 

നെയ്യാറ്റിന്‍ക്കരയില്‍ കല്ലേറില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ട ബസ്

തിരുവനന്തപുരത്താണ് ഏറ്റവുമധികം അക്രമങ്ങള്‍ ഉണ്ടായത്. കാട്ടാക്കട, നെടുമങ്ങാട്, പൂജപ്പുര, വിളപ്പില്‍ശാല, പേയാട് എന്നിവിടങ്ങളില്‍ വലിയ അക്രമണമാണ് അരങ്ങേറിയത്. അക്രമികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആര്‍എസ്എസുകാരുടെ ആക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

സംഘപരിവാര്‍ ആക്രമണത്തിൽ നിന്ന് രക്ഷപെടുന്ന കേരള കൗമുദി ഫോട്ടോഗ്രാഫർ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക്  ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലെത്തിയം സംഘപരിവാര്‍ സംഘം ഓഫീസ് സാമഗ്രികള്‍ അടിച്ചു തകര്‍ത്തു ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളില്‍  റോഡ് ഉപരോധിക്കുകയും കടകള്‍ വ്യാപകമായി അടപ്പിക്കുന്നുമുണ്ട്. തൃശ്ശൂരില്‍ മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്‌തു.

റാന്നി- കോലഞ്ചേരി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും ആക്രമമുണ്ടായി. ഇതിനെ തുടര്‍ന്ന് പത്തനംതിട്ട- റാന്നി റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു.  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ മേലേ ചൊവ്വയില്‍ റോഡ് ഉപരോധിച്ചാണ് പ്രതിഷേധം നടത്തിയത്.

ഗുരുവായൂരില്‍ ബിജെപി അക്രമത്തില്‍ പരിക്കേറ്റ സിഐ

കൊല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുന്നുണ്ട്.  ചടയമംഗലത്ത് എംസി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു.

കൊല്ലം നഗരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി സനലിന് മര്‍ദ്ദനമേറ്റു. ക്യാമറ പിടിച്ചുവാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രങ്ങളുടെ ഓഫീസുകള്‍ പൂട്ടിച്ചു. ഗുരുവായൂരിലും വലിയ സംഘര്‍ഷമാണ് ഉണ്ടായത്. സിഐ അടക്കമുള്ള പോലീസുകാര്‍ക്ക് പരിക്കറ്റു. സിഐയുടെ തലയ്ക്കാണ് പരിക്കേറ്റത്. 



കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനുമുമ്പില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം സ്തംഭിപ്പിച്ചു. പാലക്കാട്ടും സംഘടിച്ചെത്തിയ ആര്‍എസ്എസ് സംഘം വന്‍ അക്രമമാണ് അഴിച്ചുവിടുന്നത്. കൊടുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ചിറ്റൂരില്‍ നിന്ന് തൃശൂരിലേക്ക് പോയ ബസിന് നേരെയാണ് കല്ലേറുണ്ടായത്.

പാലക്കാട് പുതുപരിയാരം സിപിഐ എം ലോക്കല്‍ കമ്മറ്റിയംഗം പുരുഷോത്തമന് ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതര പരിക്കേറ്റു. ബുധനാഴ്ച്ച വൈകീട്ട് പ്രകടനമായി വന്ന ആര്‍എസ്എസ് അക്രമികള്‍ എസ്‌റേററ്റ് ജംഗ്ഷനില്‍ സഹപ്രവര്‍ത്തര്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷോത്തമന് നേരെകല്ലെറിയുകയായിരുന്നു. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോയമ്പത്തൂരിലെ അശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റ പുരുഷോത്തമന്‍

 



deshabhimani section

Related News

View More
0 comments
Sort by

Home