കേരള ബാങ്ക് രൂപീകരണം: ഒരു ഉറപ്പുകൂടി യാഥാർഥ്യമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 01, 2019, 04:46 PM | 0 min read

തിരുവനന്തപുരം
കേരള ബാങ്ക് രൂപീകരിക്കുന്ന വേളയിൽ ജില്ലാ സഹകരണ ബാങ്കുകളിൽ റബർ മാർക്ക്, മാർക്കറ്റ്ഫെഡ്, റബ്കോ എന്നീ സ്ഥാപനങ്ങൾ വരുത്തിയ വായ്പാകുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലിലൂടെ അവസാനിപ്പിക്കുമെന്ന സർക്കാർ വാഗ‌്ദാനം യാഥാർഥ്യമായി. ഇതിലൂടെ നിർദിഷ്ട കേരള ബാങ്കിന്റെ മൂലധന പര്യാപ്തത ഉറപ്പാക്കാനാകും. നിഷ്ക്രിയ ആസ്തി കുറയുകയും സഞ്ചിതനഷ്ടം ഇല്ലാതാകുകയും ചെയ്യും.

കേരള ബാങ്ക‌് രൂപീകരണത്തിന‌് അനുമതി തേടിയ സംസ്ഥാന സർക്കാരിനോട‌് റിസർവ് ബാങ്ക‌് മുന്നോട്ടുവച്ച ഒരു നിർദേശമായിരുന്നു ഇത‌്.  വായ‌്പാ കുടിശ്ശിക പ്രശ‌്നത്തിന‌് പരിഹാരം കാണുമെന്ന‌് സംസ്ഥാന സർക്കാർ റിസർവ‌് ബാങ്കിന‌് ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പാണ‌് പാലിക്കപ്പെടുന്നത‌്.

സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ച്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2018 ഏപ്രിൽ 25ന് സർക്കാരിന് നൽകിയ കത്തിൽ നിർദിഷ്ട കേരള ബാങ്കിന് പര്യാപ്തമായ തോതിൽ മൂലധനം ഉറപ്പാക്കുന്നതിന് സർക്കാർ കൈക്കൊള്ളുന്ന നടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, സംസ്ഥാന ചീഫ് സെക്രട്ടറി 2018 ജൂൺ എട്ടിന് റിസർവ് ബാങ്കിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉറപ്പുനൽകിയത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിറങ്ങി.

റബർമാർക്ക്, മാർക്കറ്റ്ഫെഡ്, റബ്കോ എന്നീ സഹകരണ സ്ഥാപനങ്ങളുടെ വായ്‌പ ഒറ്റത്തവണ തീർപ്പാക്കുന്നതിനായി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾക്ക് സർക്കാർ 306.75 കോടിരൂപ നൽകും. ഈ സ്ഥാപനങ്ങൾ എടുത്ത വായ്പയുടെ മുതൽ സംഖ്യയും പലിശയുടെ 20 ശതമാനവും എന്ന തോതിലാണ് ഒറ്റത്തവണ തീർപ്പാക്കൽ അംഗീകരിച്ചത്.

ഒറ്റത്തവണ തീർപ്പാക്കൽ ധനസഹായം മൂന്നു സ്ഥാപനങ്ങൾക്ക് സർക്കാർ വായ്പയായാണ് അനുവദിക്കുക. സർക്കാരും സ്ഥാപനങ്ങളുമായുള്ള ചർച്ചയിലൂടെ വായ്പാതിരിച്ചടവ് തീർച്ചപ്പെടുത്തണം. സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാർ നൽകുന്ന പണത്തിന‌് ഈടായി നൽകും. ഇത് സംബന്ധിച്ച ധാരണപത്രം സ്ഥാപനങ്ങളും സർക്കാരും സഹകരണ സംഘം രജിസ്ട്രാറും തമ്മിൽ ഒപ്പു വയ്ക്കണം.

റബർ മാർക്ക്, മാർക്കറ്റ്ഫെഡ്, റബ്കോ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്തി പുനരുദ്ധാരണ പദ്ധതികൾ തയ്യാറാക്കുന്നതിനും സാധിക്കുമെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home