കൈകുഞ്ഞുമായി മുദ്രാവാക്യം വിളിച്ചത് ആതിര; ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മലപ്പുറം> കൈക്കുഞ്ഞിനെ കയ്യിലേന്തി മറുകൈ കൊണ്ട് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന അമ്മ. ആവേശത്തോടെ അവരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിക്കുന്ന പെണ്‍കുട്ടികള്‍. വനിതാ മതിലിന്റെ ഭാഗമായി നടന്ന സ്ത്രീകളുടെ പ്രകടനത്തില്‍ മുഷ്ടി ഉയര്‍ത്തി നില്‍ക്കുന്ന അമ്മയുടെയും കയ്യിലിരിക്കുന്ന കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയാണ് വനിതാ മതിലിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചത്. ആതിരയുടെ ഒക്കത്തുണ്ടായിരുന്നത് ആറുമാസക്കാരി ദുലിയ മല്‍ഹാറും. ഇയ്യ എന്ന വിളിപ്പേരുള്ള ദുലിയയും അമ്മക്കൊപ്പം വനിതാമതിലിന്റെ ഭാഗമായി. വനിതാ മതിലിനെ പിന്തുണക്കുന്നവര്‍ക്കിടയില്‍ ആവേശമായി മാറുകയായിരുന്നു ഇവരുടെ ചിത്രം.
എസ്. എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ആതിര. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണുവേഴ്‌സിറ്റി മുന്‍ ഭാരവാഹി കൂടിയാണ്(ജോയിന്റ് സെക്രട്ടറി, (2010-2011)
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നിര മുറിയാതെ ലക്ഷക്കണക്കിന് സ്ത്രീകളാണ് വനിതാമതിലില്‍ അണി നിരന്നത്. വിവിധ ജാതി മതങ്ങളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും മതിലിന്റെ ഭാഗമായി. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതകള്‍ അണിനിരന്നത്.









0 comments